നിയന്ത്രണങ്ങളെല്ലാം കടലാസിൽ മാത്രം, ഹാർബറിൽ വൻ ജന തിരക്ക്

പൊന്നാനി: പൊന്നാനി ഹാർബറിൽ നിന്ന് ബോട്ടുകളെല്ലാം കടലിലിറങ്ങിയതോടെ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഹാർബറുകളിൽ തിരക്ക് വര്‍ദ്ധിച്ചു.സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ചയിലും ഹാർബറിൽ തിരക്കോടുതിരക്കുതന്നെ. അത്യാവശ്യകാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങാവൂ എന്നാണ് നിയമമെങ്കിലും പൊന്നാനിയിൽ അതൊന്നും ബാധകമായിട്ടില്ല.
കഴിഞ്ഞ ആഴ്ച മുതൽ ബോട്ടുകൾ ഓരോന്നായി ഇറങ്ങാൻ ഇളവുകൾ വരുത്തിയതോടെയാണ് ഹാർബറിൽ ജനം തടിച്ചുകൂടാനിടയാക്കിയത്. ഹാർബറിലെ ജന തിരക്ക് കുറക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ ഹാർബർ മാനേജ്മെൻറ് കമ്മറ്റി യോഗം ചേർന്ന് തീരുമാനങ്ങൾ കൈ കൊണ്ടിരുന്നു.എന്നാൽ ഇതൊന്നും, പാലിക്കപ്പെടുന്നില്ലെന്നാണ് ജന തിരക്ക് കാണിക്കുന്നത്. ഹാർബർ പൂർണമായും സജീവമായി തുടങ്ങിയതോടെ കൂടുതൽ ആൾക്കൂട്ടം ഹാർബറിലേക്കു വരുന്നുണ്ട്. പലരും മാസ്ക് പോലും ധരിക്കുന്നില്ല. ആൾക്കൂട്ടമൊഴിവാക്കാൻ മീൻ വാങ്ങാനെത്തുന്ന ചില്ലറ വിൽപനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും നിശ്ചിത സമയം ഉറപ്പാക്കുക, ഒരാൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം ഹാർബറിൽ അനുവദിക്കില്ല. വിൽപനക്കാർക്ക് ടോക്കൺ നൽകുമ്പോൾ തന്നെ സമയവും രേഖപ്പെടുത്തും.ചില്ലറ വിൽപനക്കാരെ ഒരുമിച്ച് ഹാർബറിലേക്ക് കടത്തിവിടില്ല തുടങ്ങിയ തീരുമാനങ്ങൾ കൈ കൊണ്ടിരുന്നെങ്കിലും, പുലർച്ചെ മുതൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ എത്തുന്നത്. നേരത്തെ ഗേറ്റിനു പുറത്ത് കച്ചവടക്കാർ തടിച്ച് കൂടിയതിനെത്തുടർന്ന് പൊലീസ് ലാത്തി വീശിയിരുന്നു.
Comments are closed.