രാജ്യത്ത് കൊറോണ വ്യാപനത്തിൽ വൻ വർധന

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,000 ലേക്ക്. ശനിയാഴ്ച 3,277 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62,939 ആയി. 24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികളാണ് വർധിച്ചത്.
രോഗബാധമൂലം മരിച്ചവരുടെ എണ്ണം 2,109 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേർ രോഗവിമുക്തരായി.
മഹാരാഷ്ട്രയിൽ മാത്രം 20,228 പേർ രോഗബാധിതരാണ്. 779 പേർ മരിച്ചു. ഗുജറാത്തിൽ 7,796 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേർ മരിച്ചു. ഡൽഹിയിൽ 6,542 രോഗികളുണ്ട്. തമിഴ്നാട്ടിൽ 6,535 പേർക്കും രാജസ്ഥാനിൽ 3,708 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം ഗുരുതരമായി തുടരുന്നത്.
ഇതുവരെ 15 ലക്ഷത്തിലധികം പേരിൽ വൈറസ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. പ്രതിദിനം 95,000 ടെസ്റ്റുകളാണ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം മെയ് പതിനേഴിന് അവസാനിക്കാനിരിക്കെ രാജ്യത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന പ്രവണതയാണ് കാണുന്നത്.
ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. മരണസംഖ്യ 2,79,000 ലധികമായി. 14,17,021 പേർ രോഗമുക്തി നേടി. സ്ഥിരീകരിക്കപ്പെട്ട കേസുകളിൽ നാലിലൊന്നും മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും യുഎസിലാണ്.
Comments are closed.