പോലീസുകാർക്ക് കത്തെഴുതിയ രണ്ടാം ക്ലാസ്സുകാരിക്ക് സമ്മാനവുമായി പോലീസ് വീട്ടിലെത്തി.
വളാഞ്ചേരി:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാവും പകലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാരെ അഭിനന്ദിച്ച് കൊണ്ട് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷ മെഹ്റിൻ നാലകത്താണ് കത്തെഴുതിയത്.കത്ത് കിട്ടിയ ഉടനെ വളാഞ്ചേരി പോലീസ് എസ്എച്ച്ഒ എം.കെ. ഷാജിയുടെ നേത്യത്വത്തിൽ പോലീസ് സംഘം കത്തയച്ച വിദ്യാർത്ഥിനിയെ അഭിനന്ദിക്കാൻ സമ്മാനവുമായി ഇഷയുടെ വീട്ടിൽ എത്തി സമ്മാനം നൽകുകയും ചെയ്തു. നന്നായി പഠിച്ച് നാടിന് നന്മ ചെയ്യുന്ന നല്ല വിദ്യാർത്ഥിയായി മാറണമെന്ന് സമ്മാനം നൽകിക്കൊണ്ട് എസ് എച്ച് ഒ എം.കെ ഷാജി ഇഷ മെഹ്റിനെ അഭിനന്ദിക്കുകയും പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ
കുറിച്ച് പഠിക്കാൻ സ്റ്റേഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. രണ്ടാം ക്ലാസ്സുകാരിയിടെ എഴുത്ത് കിട്ടിയപ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷം തോന്നിയെന്നും സമൂഹത്തിൽ നിന്നും ലഭിക്കുന്ന ഇത്തരം ചെറിയ പ്രവർത്തനങ്ങൾ പോലും ഞങ്ങൾക്ക് വലിയ സന്തോഷവും ഊർജ്ജവുമാണ് നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു. എസ്.എച്ച്.ഒ.എം.കെ.ഷാജിയോടൊപ്പം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെറീഷ്, മനോജ് എന്നിവരുമുണ്ടായിരുന്നു. തപാൽ വകുപ്പ് നടപ്പിലാക്കിയ കോവിഡിനെ പ്രതിരോധിക്കുന്ന പോലീസുകാർക്ക് കത്തെഴുതൂ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇഷ വളാഞ്ചേരി പോലീസിന് കത്തെഴുതിയത്.കൊളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകൻ നാലകത്ത് നൂറുൽ ആബിദിന്റെയും ബേബി ഷഹ് നാസിന്റെയും മകളാണ് ഇഷ മെഹ്റിൻ.വീട്ടിൽ എത്തിയ പോലീസുകാരെ ഇഷയും വല്ല്യൂപ്പ നാലകത്ത് സൈതലവിയും വല്യുമ്മ ഫാത്തിമയും ചേർന്ന് സ്വീകരിച്ചു.
Comments are closed.