ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ സംഘപരിവാർ വ്യാജ പ്രചാരണം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളം
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിവേണം: കെയുഡബ്ല്യുജെ
തൃശൂര്‍
വാര്‍ത്ത നല്‍കിയതിന്റെപേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അവരുടെ കുടുംബത്തെയും തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന സംഘപരിവാറിന്റെ ഹീനനീക്കത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് ആരാധനാച്ചടങ്ങുകള്‍ നടത്തിയതിന് പൊലീസ് കേസെടുത്തത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രസംരക്ഷണ സമിതിയും സംഘപരിവാറും പച്ചക്കള്ളം പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നത്.
വാര്‍ത്തനല്‍കിയതുമായി ഒരു ബന്ധവുമില്ലാത്ത ഏഷ്യാനെറ്റ് തൃശൂര്‍ ബ്യൂറോ ചീഫ് പ്രിയ ഇളവള്ളിമഠത്തെയും അവരുടെ കുടുംബത്തെയും മതം തിരിച്ച് വര്‍ഗീയമായി അധിക്ഷേപിക്കുകയാണ് സംഘപരിവാറുകാര്‍. കൂടാതെ, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ നടരാജ് പരശുരാമനെയും, മീഡിയാ വണ്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയും വര്‍ഗീയമായി ചേരിതിരിച്ച് നവമാധ്യമങ്ങളിലൂടെയും മറ്റും അവഹേളിക്കുകയാണ്. തികച്ചും കളവായുള്ള സംഘപരിവാറിന്റെ ഈ വര്‍ഗീയപ്രചാരണം ബോധപൂര്‍വമുള്ള നീക്കമായേ കാണാനാകൂ.
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള സംഘപരിവാറിന്റെ കടന്നുകയറ്റത്തിനെതിരെയും മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തെ മതം തിരിച്ച് കള്ളപ്രചാരണം നടത്തി അധിക്ഷേപിക്കുന്നതിനെതിരെയും മുഴുവന്‍ മതേതര ജനാതിപത്യ വിശ്വാസികളും രംഗത്തുവരണം. വാര്‍ത്തയുടെപേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളപ്രചാരണം നടത്തുന്ന മുഴുവനാളുകളുടെപേരിലും നിയമനടപടി സ്വീകരിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ പ്രഭാത്, സെക്രട്ടറി എം.വി വിനീത എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments are closed.