1470-490

അമ്പലപ്പാറയിൽ നാശനഷ്ടം വ്യാപകം

പാലക്കാട് അമ്പലപ്പാറയിൽ കനത്ത മഴയിൽ വ്യാപക നാശം. ചുനങ്ങാട് പൂളിഞ്ചോട്ടിൽ മരംവീണ് വീട് തകർന്നു. വീടുകളുടെ ഓടുകൾ കാറ്റിൽ പറന്നുപോയി. ചുനങ്ങാട് പുളിഞ്ചോട് കൂത്തേക്കാട്ടിൽ രാമൻകുട്ടിയുടെ വീടാണ് തകർന്നത്. സമീപത്തെ വളപ്പിലെ പ്ലാവ് കടപുഴകി വീടിനുമുകളിൽ വീഴുകയായിരുന്നു. മയിലുംപുറം അമരമംഗലത്ത് നാണിക്കുട്ടിയുടെ വീടിന്റെ ഒന്നാംനിലയിലെ ഓടുകൾ പറന്നുപോയി. പൂമുഖത്തിനും ഇടനാഴിക്കും മുകളിലുള്ള ഭാഗം തകർന്നു. മയിലുംപുറം അയ്യൻകോട്ടിൽ കൃഷ്ണൻകുട്ടിയുടെയും കൊട്ടാരത്തൊടി അബൂതാഹിറിന്റെയും വീടിന്റെ ഓടുകൾ പറന്നുപോയി. മുട്ടിപ്പാലം കുന്നുംപുറം ബെന്നിയുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകളും ഓടുകളും പറന്നുപോയി. മയിലുംപുറത്തും മനക്കൽപ്പടിയിലും മരങ്ങൾവീണ് വൈദ്യുതത്തൂണുകൾ തകർന്നു. കടമ്പൂർ, മുരുക്കുംപറ്റ, മനക്കൽപ്പടി, മുട്ടിപ്പാലം ഭാഗങ്ങളിൽ മരത്തിന്റെ ചില്ലകൾവീണ് വൈദ്യുതക്കമ്പികളും പൊട്ടിവീണു. വ്യാഴാഴ്ച വൈകീട്ട് നിലച്ച വൈദ്യുതി ബന്ധം വെള്ളിയാഴ്ച വൈകീട്ടോടെയാണ് പുനഃസ്ഥാപിച്ചത്.

Comments are closed.