മദ്യം ഓൺലൈനായി നൽകിക്കൂടേയെന്ന് സുപ്രീം കോടതി

സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി.ആർ.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീൻ സോണുകളിൽ മദ്യവിൽപനക്ക് അനുമതി നൽകിയത്.
എന്നാൽ മദ്യവിൽപനശാലകൾക്ക് മുമ്പിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വൻതിരക്ക് രൂപപ്പെട്ടത് ആശങ്കകൾക്കിടയാക്കിയിരുന്നു. പലയിടങ്ങളിലും പോലീസ് ലാത്തിചാർജ് നടത്തുകയുണ്ടായി. കേരളമടക്കം ചില സംസ്ഥാനങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല.
Comments are closed.