1470-490

ഹാർബറിൽ തിരക്ക്: പുതിയ നിയന്ത്രണങ്ങളുമായി അധികൃതർ.

പൊന്നാനി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ ഹാർബറുകളിൽ തിരക്കോടു തിരക്ക്..ആൾക്കൂട്ടമൊഴിവാക്കാൻ അടുത്ത ദിവസം മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.
മീൻ വാങ്ങാനെത്തുന്ന ചില്ലറ വിൽപനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും നിശ്ചിത സമയം ഉറപ്പാക്കുകയാണ് ചെയ്യുക. ഒരാൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം ഹാർബറിൽ അനുവദിക്കില്ല.വിൽപനക്കാർക്ക് ടോക്കൺ നൽകുമ്പോൾ തന്നെ സമയവും രേഖപ്പെടുത്തും.എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നുണ്ട്.
ചില്ലറ വിൽപനക്കാരെ ഒരുമിച്ച് ഹാർബറിലേക്ക് ഇനി കടത്തിവിടില്ല. കഴിഞ്ഞ ദിവസം ചേർന്ന ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഹാർബർ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇന്നലെ ഉപകമ്മിറ്റി യോഗങ്ങൾ ചേർന്നു. കഴിഞ്ഞദിവസമാണ് ജില്ലയിലെ മുഴുവൻ ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങാൻ തുടങ്ങിയത്. ഹാർബർ പൂർണമായും സജീവമായി തുടങ്ങിയതോടെ കൂടുതൽ ആൾക്കൂട്ടം ഹാർബറിലേക്കു വരുന്നുണ്ട്. പലരും മാസ്ക് പോലും ധരിക്കുന്നില്ല. വലിയ വള്ളങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ മീൻപിടിത്തത്തിനിറങ്ങാൻ അനുമതിയുള്ളു.
വലിയ ബോട്ടുകളിൽ 10 പേർക്കാണ് അനുമതി. ജില്ലയിൽ അംഗീകൃത വിൽപന കേന്ദ്രങ്ങളിലൊഴികെ ബാക്കിയെവിടെയെങ്കിലും വള്ളക്കാർ മീൻ മൊത്തവിൽപന നടത്തുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഡപ്യൂട്ടി കലക്ടർ പി.മുരളീധരൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഒ.രേണുകാദേവി, ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടീവ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, മത്സ്യഫെഡ് ഓഫിസർ ചന്ദ്രസേനൻ തുടങ്ങിയവർ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Comments are closed.