1470-490

അതിഥി തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

ജൻമനാട്ടിലേക്ക് മടങ്ങുന്ന ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി ചൂണ്ടൽ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളിൽ താമസിച്ചിരുന്ന യു.പി. സ്വദേശികളായ പതിനാല് അതിഥി തൊഴിലാളികൾക്കാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഹൃദ്യമായ യാത്രയയപ്പ് നൽകിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ തൊഴിൽ നഷ്ടമായവരാണ് ജൻമനാട്ടിലേക്ക് മടങ്ങുന്നതിനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ യു.പി. സ്വദേശികളായ തൊഴിലാളികളാണ് വെള്ളിയാഴ്ച്ച മടങ്ങിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉച്ചക്ക് ഒരു മണിയോടെ എത്തിയ 14 പേരെയും പഞ്ചായത്ത് ജീവനക്കാർ സ്വീകരിച്ച് ഇരുത്തി. കുന്നംകുളം നഗരസഭയിൽ നിന്നും, കടങ്ങോട് പഞ്ചായത്തിൽ നിന്നുമുള്ള തൊഴിലാളികളെ കയറ്റിയ കെ.എസ്.ആർ.ടി.സി. ബസ്സ് രണ്ട് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയതോടെ പഞ്ചായത്ത് അധികൃതർ ലിസ്റ്റ് പ്രകാരം പേര് വിളിക്കുകയും, തൊഴിലാളികൾ ബസിലേക്ക് കയറുകയും ചെയ്തു. നിർമ്മാണ മേഖലയിൽ പങ്കെടുക്കുന്നവരാണ് തിരിച്ച് പോകുന്നവരിൽ ഏറെയും. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, സെക്രട്ടറി പി.എസ്.ഷൈലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പാണ് നാളിതു വരെ കേരളത്തിനായി സേവനം ചെയ്ത അതിഥി തൊഴിലാളികൾക്ക് നൽകിയത്. തൊഴിലാളികൾ ഒരോരുത്തരുമായി ബസ്സിനുള്ളിലേക്ക് കയറുമ്പോൾ കൈയടികളോടെ യാത്രയയക്കാൻ കേച്ചേരി മേഖലയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും എത്തിയിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതോടെ ബസ്സിലുണ്ടായിരുന്ന തൊഴിലാളികൾ തങ്ങൾക്ക് അന്നമൂട്ടിയ നാടിനോട് കൈവീശിയാണ് യാത്രയായത്.

Comments are closed.