1470-490

അരികന്നിയൂർ ഉണ്ണികൃഷ്ണൻ സപ്തതിയുടെ നിറവിൽ.

അക്ഷരശ്ലോക കലയ്ക്കായി ജീവിതം ഉഴിഞ്ഞു വെച്ച അരികന്നിയൂർ ഉണ്ണികൃഷ്ണൻ സപ്തതിയുടെ നിറവിൽ. വിസ്മൃതിയിലേക്ക് മറയുന്ന അക്ഷരശ്ലോകം എന്ന കലയെ നിലനിറുത്തുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നതിനിടെയാണ് ഈ കൊറോണക്കാലത്ത് ഉണ്ണികൃഷ്ണൻ സപ്തതിയുടെ നിറവിലെത്തിയത്. അരികന്നിയൂർ ഗ്രാമത്തിന്റെ കലാപാരമ്പര്യത്തിൽ അക്ഷരശ്ലോകത്തിന് മുഖ്യ സ്ഥാനമാണുള്ളത്. ഉണ്ണികൃഷ്ണന്റെ തലമുറയിലുൾപ്പെട്ടവർ കൂനംമൂച്ചിയിലെ അക്ഷരശ്ലോക സദസ്സിൽ നിന്നാണ് ഈ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ അക്ഷരശ്ലോകമെന്ന കലയെ ഉണ്ണികൃഷ്ണൻ നെഞ്ചേറ്റുകയായിരുന്നു. മറ്റു പലരെയും പോലെ ഒഴിവു സമയത്തെ വിനോദം എന്നതിലുപരിയായി അക്ഷരശ്ലോകമെന്ന കലാരൂപത്തിന്റെ യഥാർത്ഥ ഉപാസകനായി ഉണ്ണികൃഷ്ണൻ മാറുകയായിരുന്നു. മനസ്സിൽ നിറയെ അക്ഷരശ്ലോകത്തെ താലോലിക്കുകയും, പരിപോക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് എഴുപതിന്റെ ചെറുപ്പത്തിലും ഊർജ്ജസ്വലനാണ് അരികന്നിയൂർ ഉണ്ണികൃഷ്ണൻ. ശ്ലോകങ്ങൾ ചിട്ടപ്പെടുത്തുന്നതിലും അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. ബി.എസ്. എൻ.എൽ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ 1972 മുതൽ 2010 വരെ 38 വർഷം നീണ്ട ഔദോഗിക ജീവിതത്തിനിടയിലും തന്റെ കലാസപര്യയെ രാകിമിനുക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു. അക്ഷരശ്ലോകത്തിന്റെ ചിട്ടവട്ടങ്ങളിൽ പുത്തൽ പരിഷ്ക്കാരങ്ങൾ പരീക്ഷിക്കുന്നതിന് ഉണ്ണികൃഷ്ണൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിട്ടുണ്ട്. കൂനംമൂച്ചി അക്ഷരശ്ലോക വേദി, അരികന്നിയൂർ അക്ഷരശ്ലോകകലാക്ഷേത്രം, ഗുരുവായൂർ ചെറുവള്ളൂർ സ്മാരക അക്ഷരശ്ലോക സമിതി എന്നി പ്രധാന ശ്ലോക സമിതികളിൽ നിറ സാന്നിധ്യമാണ് ഉണ്ണികൃഷ്ണൻ. നൂറു പൂക്കൾ, സഹസ്രദളം, അക്ഷര ശ്ലോക ഡയറക്ടറി , അരികന്നിയൂരിന്റെ സാംസ്കാരിക ചരിത്രം എന്നിവ അദ്ദേഹത്തിന്റെ തുലിക തുമ്പിൽ നിന്നും പിന യെടുത്ത രചനകളാണ്. അക്ഷരശ്ലോക രംഗത്തെ ആദ്യ വെബ് സൈറ്റ് ആരംഭിച്ചതും, അതിന്റെ മുഖപത്രമായ അരികന്നിയൂർ ഓൺലൈൻ ശ്ലോകമാസികയ്ക്കും, ഫേസ്ബുക്ക്, വാട്ട്സപ്പ് എന്നിവയിലെ വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി വരുന്നതും ഉണ്ണികൃഷ്ണൻ തന്നെയാണ്. ജനകീയ പ്രാദേശിക ദൃശ്യമാധ്യമമായ സിസിടിവിയിൽ തത്വമുക്തം എന്ന പ്രതിദിന പരിപാടിയുടെ അവതാരകനായും അദ്ദേഹം രംഗപ്രവേശം ചെയ്യുകയുണ്ടായി. അരികന്നിയൂർ ഹരികന്യക ക്ഷേത്രത്തിന് സമീപം പള്ളിപ്പാട്ടു പുഷ്പകത്തിൽ തന്റെ കലാസപര്യയുമായി മുന്നോട്ട് പോകുകയാണ് സപ്തതിയുടെ നിറവിലെത്തിയ അരികന്നിയൂരിന്റെയും, അക്ഷര ശ്ലോകത്തിന്റെയും സ്വന്തം ഉണ്ണികൃഷ്ണൻ.

Comments are closed.