1470-490

കൃഷിയിൽ വിസ്മയം ചാലിച്ച് യുവ വനിതാ കർഷക

ചിറ്റാട്ടുകര:സന്ദർശകർക്ക് വിസ്മയം ചാർത്തിയ വനിതാ കർഷകയുടെ തോട്ടം മാതൃകയാകുന്നു.
എളവള്ളി ഗ്രാമപഞ്ചായത്തിൽ ചിറ്റാട്ടുകര രണ്ടാം വാർഡിൽ ഉള്ള 21 സെൻറ് സ്ഥലത്താണ് കുത്തൂര് ജാക്വിലിൻ സ്റ്റീഫൻ മാതൃകാ കൃഷിത്തോട്ടം തയ്യാറാക്കിയിട്ടുള്ളത്.
പല നിരകളിലായി പച്ചക്കറി, അലങ്കാരച്ചെടികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുകയാണ്.
നാട്ടിൽ വിരളമായി കൃഷി ചെയ്യുന്ന വിവിധ വിളകളും തോട്ടത്തിലുണ്ട്. സ്വന്തം പെയിൻറ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവിധതരം കട്ടിയുള്ള പ്ലാസ്റ്റിക് ടിന്നുകളാണ് വിളകളുടെ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുത്തിട്ടുള്ളത്.
അടുക്കള മാലിന്യങ്ങളും തോട്ടത്തിലെ ചെടികളുടെ ഇലയും തണ്ടും ഉൾപ്പെടെ സുഷിരങ്ങളുള്ള ടിന്നുകളിൽ നിക്ഷേപിച്ച് എയറോബിക് സിസ്റ്റം മൂലമാണ് ജൈവവളം സ്വയം നിർമ്മിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന സ്ലെറി പ്രത്യേകം കണ്ടെയ്നറുകളിൽ മാറ്റിവെച്ച് കഞ്ഞിവെള്ളം, ഇറച്ചി- മത്സ്യം എന്നിവ കഴുകുന്ന വെള്ളം എന്നിവ ചേർത്ത് പുളിപ്പിക്കും. പത്തിരട്ടി വെള്ളം ചേർത്ത സ്ലറിയാണ് മുഖ്യ വളമായി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടാതെ സ്വന്തമായി മണ്ണിരക്കമ്പോസ്റ്റും ഉപയോഗിച്ചുവരുന്നുണ്ട്.
ചേർത്ത് വെച്ചിരിക്കുന്ന ടിന്നുകളിൽ ഉല്പാദിപ്പിക്കുന്ന വിളകൾ അടുക്കും ചിട്ടയോടും കൂടിയാണ് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി ജാക്വിലിൻ തയ്യാറാക്കിയിരിക്കുന്നത്. മണ്ണിൽ പുല്ലു മുളക്കാതിരിക്കാൻ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള അളവിലാണ് എല്ലാ ചെടികളും നടീൽ നടത്തിയിട്ടുള്ളത്. ചെടികളുടെ കടയ്ക്കൽ വരുന്ന കളകൾ നീക്കം ചെയ്യുന്നതും നനക്കുന്നതും മറ്റു എല്ലാ കൃഷി പണികളും ജാക്വിലിൻ്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളായ ഭർത്താവ് സ്റ്റീഫൻ മക്കളായ സ്റ്റെഫി, സാനി എന്നിവരുടെ കൂടി സഹകരണത്തോടെയാണ് നടത്തിവരുന്നത്. അതുകൊണ്ടുതന്നെ പുറമേ നിന്നുള്ള കൂലിപ്പണിക്കാരുടെ സഹായം ഈ മാതൃകാ തോട്ടത്തിന് വേണ്ടി വരാറില്ല.
പച്ചക്കറി ഇനങ്ങളായ പയർ,വെണ്ട,വഴുതന, മുളക്, കൊത്തമര, കുറ്റിയമര, പാവൽ, പടവലം, കോവൽ, ചീര, കാബേജ്, കോളിഫ്ലവർ, കുറ്റികുരുമുളക് എന്നിവ തോട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കിഴങ്ങു വർഗ്ഗങ്ങളിൽ ചേന,ചേമ്പ്,കാവത്ത് എന്നിവയും ഫലവൃക്ഷങ്ങളിൽ വിയറ്റ്നാം പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ,ബട്ടർ ഫ്രൂട്ട്, എഗ്ഗ് ഫ്രൂട്ട്, സപ്പോട്ട, പപ്പായ, ബംഗനാപ്പിള്ളി, സീതപ്പഴം എന്നിവയും സന്ദർശകരെ ആകർഷിക്കുന്നവ യാണ്. അലങ്കാരച്ചെടികളിൽ മുഖ്യം ഓർക്കിഡ്, ജറപറ, അഡീനിയം എന്നിവയാണ്.
15 വർഷം അധ്യാപികയായിരുന്ന ജാക്വിലിൻ സ്റ്റീഫൻ ടിവി സീരിയൽ, സിനിമ എന്നിവ കാണാറില്ലെന്നതും സ്വന്തം തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിന് സഹായകമാണ്.
കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗണിൽ തൻ്റെ കൃഷിയിടത്തിൽ കൂടുതൽ സമയം ശ്രദ്ധചെലുത്താൻ കഴിഞ്ഞെന്ന് ജാക്വിലിൻ അവകാശപ്പെടുന്നു.
റൂഡി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട നായയാണ് ജാക്വിലിൻ്റെ മാതൃകാ തോട്ടത്തിൻ്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
മുറ്റത്തെ വർഷങ്ങൾ പഴക്കമുള്ള മുത്തശ്ശി മാവിൻ്റെ തണലും അതിൽ തയ്യാറാക്കിയിരിക്കുന്ന ഊഞ്ഞാലും കാർഷികവൃത്തിയുടെ ഇടവേളകളിൽ ഈ കാർഷിക കുടുംബത്തെ ആനന്ദകരമാക്കുന്നു. മാതാപിതാക്കളിൽ നിന്നും പകർന്നു ലഭിച്ച കാർഷിക താൽപര്യമാണ് ജാക്വിലിനെ മാതൃകാ കൃഷിത്തോട്ടത്തിലെത്തിച്ചത്.
വിവിധ കൃഷി രീതികളെക്കുറിച്ച് കർഷകർക്ക് അറിവു പകരുന്നതിനായി കോവിഡ് കാലഘട്ടത്തിൽ സ്വന്തമായി ജിക്കീസ് ഗ്രീൻ വേൾഡ് എന്ന യൂട്യൂബ് ചാനൽ തുടങ്ങാൻ ഈ ബിരുദാനന്തര ബിരുദധാരിയ്ക്ക് സാധിച്ചു.
മാതൃകാ കൃഷിത്തോട്ടം തയ്യാറാക്കിയ ജാക്വിലിൻ സ്റ്റീഫനെ കേരള കർഷക സംഘം മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറി ജിയോ ഫോക്സ് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ പി. എം. ജോസഫ്, എ.പി. ജോയ്സൺ, വാർഡ് മെമ്പർ ആലീസ് പോൾ,കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് എന്നിവർ പങ്കെടുത്തു.

Comments are closed.