കൊടുങ്ങല്ലൂരിൽ കുടിവെള്ളവിതരണം പുനരാരംഭിച്ചു

കൊടുങ്ങല്ലൂരിൽ കുടിവെള്ളവിതരണം പുനരാരംഭിച്ചു
പൈപ്പ് പൊട്ടിയതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ തടസ്സപ്പെട്ട കുടിവെള്ളവിതരണം പുനരാരംഭിച്ചു. പുല്ലൂറ്റ് വില്ലേജിലാണ് വ്യാഴാഴ്ച 12 മണിയോടെ കുടിവെള്ള വിതരണം പുനരാരംഭിച്ചത്. ലോകമലേശ്വരം വില്ലേജിലേക്കുള്ള വിതരണം രണ്ടുദിവസം കൂടി വൈകും. വൈന്തല ജലശുദ്ധീകരണ ശാലയിൽ നിന്ന് പുല്ലൂറ്റ് നാരായണമംഗലത്തുള്ള ജലസംഭരണിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന 350 എംഎം ക്ലാസ് അയൺ പൈപ്പ് വെള്ളൂർ ഭാഗത്ത് തകർന്നതിനെ തുടർന്നാണ് കുടിവെള്ള വിതരണം നിർത്തി വെച്ചത്. പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലെ ആറായിരത്തോളം വീടുകളിലേക്കും 650 ഓളം പൊതു ടാപ്പുകളിലേക്കുമാണ് പുല്ലൂറ്റ് നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. നാരായണമംഗലം ജലസംഭരണി യിലേക്കുള്ള കുടിവെള്ള കുഴലുകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് പമ്പിങ് ആരംഭിച്ചത്.
അറ്റകുറ്റപ്പണികൾക്ക് ശേഷം 150 എച്ച്പി മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ് ആരംഭിച്ചത്. 18 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി നിറയണമെങ്കിൽ തുടർച്ചയായി 15 മണിക്കൂർ നേരം പമ്പിങ്ങ് നടത്തണം. സംഭരണി നിറഞ്ഞാൽ മാത്രമാണ് കുടിവെള്ളവിതരണം സാധ്യമാകുന്നത്. ഇത്തരത്തിൽ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പമ്പിങ്ങ് നടത്തിയതിനുശേഷമാണ് കുടിവെള്ള വിതരണം കൊടുങ്ങല്ലൂരിൽ പുനരാരംഭിച്ചത്.
Comments are closed.