1470-490

ഒന്നാം ക്ലാസുകാരൻ സമ്പാദ്യക്കുടുക്ക സി.എച്ച് സെൻ്ററിന് കൈമാറി

മുഹമ്മദ് ഇഷാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് സമ്പാദ്യക്കുടുക്ക സി.എച്ച് സെൻ്ററിന് കൈമാറാൻ

കാടാമ്പുഴ: ഒന്നാം ക്ലാസുകാരനായ മുഹമ്മദ് ഇഷാൻ്റെ ക്ഷണം സ്വീകരിച്ചാണ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഇന്നലെ വൈകുന്നേരം അവൻ്റെ വീട്ടിലെത്തിയത്. വടക്കുംപുറം സ്കൂളിന് സമീപമുള്ള ഇഷാൻ്റെ വീട്ടിലെത്തിയ എം.എൽ.എ അവനെ ചേർത്ത് നിർത്തി വീട്ടിലേക്ക് ക്ഷണിച്ചതിനെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് ആ കൊച്ചു കുട്ടിയുടെ കാരുണ്യം നിറഞ്ഞ മനസ്സിനെക്കുറിച്ചറിഞ്ഞത്. തൻ്റെ സമ്പാദ്യക്കുടുക്ക സി.എച്ച് സെൻ്ററിന് കൈമാറുന്നതിന് വേണ്ടിയാണ് എം.എൽ.എയെ വീട്ടിൽ വിളിച്ച് വരുത്തിയതെന്ന കാര്യമറിയുന്നത്.ഉമ്മയുടെ പിതൃ സഹോദരൻ സൈനുദ്ദീൻ സി.എച്ച് സെൻ്ററിന് വേണ്ടി ഫണ്ട് ശേഖരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇഷാൻ തൻ്റെ ഉമ്മയോട് ഇതിനെക്കുറിച്ച് കൗതുകപൂർവ്വം ചോദിച്ചറിയുകയായിരുന്നു. പാവപ്പെട്ട രോഗികൾക്ക് മരുന്നും ഭക്ഷണവും എല്ലാം നൽകുന്ന സ്ഥാപനമായ സി.ച്ച് സെൻ്ററിന് വേണ്ടി പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇങ്ങനെ ഫണ്ട് ശേഖരണം നടത്തുന്നതെന്ന ഉമ്മ വിശദീകരിച്ച് നൽകുകയും ചെയ്തു. ഇത് ശ്രദ്ധയോടെ കേട്ടിരുന്ന ഇഷാം’എൻ്റെ പണക്കുടുക്കുകയും അതിന് കൊടുക്കാം ‘ എന്ന് ഉമ്മയോട് പറയുകയായിരുന്നു.’തങ്ങൾ എം.എൽ.എ’യെ ഏൽപ്പിക്കണമെന്നുo ഇഷാൻ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് എം.എൽ.എയെ വീട്ടിലേക്ക് ക്ഷണിച്ച് ഇഷാൻ തൻ്റെ പണക്കുടുക്ക വല്യുപ്പ പരീത് ഹാജിയുടെ സാന്നിധ്യത്തിൽ കൈമാറിയത്.കരേക്കാട് വടക്കേപീടിയേക്കൽ സുഹൈലിന്റെയും ഉമ്മ വിജുനയുടേയും മകനാണ് ഏഴ് വയസ്സുകാരനായ മുഹമ്മദ്‌ ഇഷാൻ. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.സഹജീവികളെ സഹായിക്കുന്നതിന് വേണ്ടി ചെറുപ്രായത്തിൽ തന്നെ സന്നദ്ധത പ്രകടിപ്പിച്ച ഇഷാനിൻ്റെ ഈ സൽപ്രവൃത്തിയെയും അതിന് പ്രോത്സാഹനവും പിന്തുണയും നൽകിയ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അഭിനന്ദിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പരീത് കരേക്കാട് , മാറാക്കര ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി. ഹുസൈൻ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു

Comments are closed.