1470-490

പ്രവാസികളെ താലൂക്കടിസ്ഥാനത്തിൽ ക്വാറന്റീൻ ചെയ്യും

തൃശൂർ: പ്രവാസികളെ താലൂക്കടിസ്ഥാനത്തിൽ ക്വാറന്റീൻ ചെയ്യും:ജില്ലാ കളക്ടർ
ജില്ലയിലെത്തുന്ന പ്രവാസി മലയാളികൾക്ക് താലൂക്കടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് വിദേശത്ത് നിന്ന് ജില്ലയിലെത്തുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് ഗുരുവായൂർ നഗരസഭാ ഹാളിൽ നടന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആദ്യസംഘത്തിന് ഗുരുവായൂരിലാണ് ക്വാറന്റീൻ സൗകര്യം ഒരുക്കിയിട്ടുളളത്. നേരത്തെ നിരീക്ഷണത്തിലാക്കേണ്ട മുഴുവൻ പ്രവാസികളെയും ഗുരുവായൂരിൽ താമസിപ്പിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ധാരണ. എന്നാൽ ക്വാറന്റീൻ കഴിയുന്നവർക്ക് സ്വവസതിക്കടുത്ത് സൗകര്യം ചെയ്യണമെന്ന് നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
യാതൊരുവിധ ആശങ്കയും വേണ്ടതില്ല. ഏറ്റെടുക്കുന്ന ഹോട്ടലുകളിലും ലോഡ്ജുകളിലും കുടിവെളളവും വൈദ്യുതിയും ഉറപ്പാക്കും. ആവശ്യം കഴിഞ്ഞാൽ പൂർണ്ണമായും അണുവിമുക്തമാക്കിയാവും സ്ഥാപനങ്ങൾ ഉടമകൾക്ക് കൈമാറുക. ജില്ലയിലെ മുഴുവൻ താലൂക്കുകളിലായി 389 കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. 8500 മുറികളാണിവിടെയുളളത്. ക്വാറന്റീൻ കേന്ദ്രത്തിലേക്കുളള പ്രവേശനം കർശനമായി നിയന്ത്രിക്കും. നിശ്ചയിച്ചവരെയല്ലാത്ത മറ്റാരെയും പ്രവേശിപ്പിക്കില്ല. അതത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കാവും ക്വാറന്റീൻ കേന്ദ്രത്തിലുളളവരുടെ ആരോഗ്യ പരിരക്ഷാചുമതല, ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ ലഭ്യമാക്കും. സന്നദ്ധപ്രവർത്തകരും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാരും ആരോഗ്യസുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും.
ഏറ്റെടുക്കുന്ന ഹോട്ടലുകളുടെ പട്ടിക, ആവശ്യകത പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് മുൻകൂർ അറിയിക്കണമെന്നും ആശങ്കകൾ അകറ്റണമെന്നും ഹോട്ടലുടമ പ്രതിനിധികൾ പറഞ്ഞു. ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൾ ഖാദർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ എം രതി, ജില്ലാ കളക്ടർ എസ് ഷാനവാസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.