കാരുണ്യത്തിൻ്റെ മാലാഖമാരായി കുടുംബശ്രീ പ്രവർത്തകർ.

പൊന്നാനി: കോവിഡ് 19 വ്യാപനവും ലോക് ഡൗണും സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെൻ്ററും ഇപ്പോൾ സാമ്പത്തികമായി പ്രയാസം നേരിടുകയാണ്. നഗരസഭാ വിഹിതവും അതിലേറെ സുമനസുകളുടെ സഹായത്തോടെയും നടന്നു വരുന്ന സെൻ്ററിൽ 70 പേർക്കാണ് സൗജന്യമായി ഡയാലിസിസ് നടത്തി വരുന്നത്. കോവിഡിന് ശേഷം സാമ്പത്തികമായി പ്രയാസം നേരിടുന്ന സെൻ്ററിന് കൈതാങ്ങാവുകയാണ് കുടുംബശ്രീ പ്രവർത്തകർ. പൊന്നാനി നഗരസഭ 17-ാം വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് ഡയാലിസിസ് സെൻ്ററിനായി കൈകോർത്തത്. വാർഡ് തലത്തിൽ വീടുകളിൽ നിന്ന് 17710 രൂപയാണ് കുടുംബശ്രീ പ്രവർത്തക സമാഹരിച്ച് കൈമാറിയത്. പൊന്നാനി നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി എ.ഡി.എസ് പ്രസിഡൻ്റ് രഞ്ജിനിയിൽ നിന്ന് തുക കൈപ്പറ്റി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ, സി.ഡി.എസ് പ്രസിഡൻ്റ് ഷാലി പ്രദീപ്, നഗരസഭാ സൂപ്രണ്ട് എസ്.വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.
Comments are closed.