പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്താവളം തയ്യാറായി

പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ അവസാനവട്ട ക്രമീകരണങ്ങളും പൂര്‍ത്തിയായി
പ്രവാസി മലയാളികളുമായി ദുബായില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്-344 വിമാനത്തില്‍ വരുന്നവരെ സ്വീകരിക്കാന്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. വിമാനത്തില്‍ നിന്ന് ഇറങ്ങിയാലുടന്‍ എയ്‌റോബ്രിഡ്ജില്‍വച്ചുതന്നെ യാത്രക്കാരെ തെര്‍മ്മല്‍ സ്‌കാനിങിന് വിധേയരാക്കും. അരോഗ്യ പ്രശ്‌നങ്ങളുള്ളവരേയും ഇല്ലാത്തവരേയും വ്യത്യസ്ത വിഭാഗങ്ങളാക്കി ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കും.
ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തുക. ആരോഗ്യ പരിശോധനയ്ക്കായി നാല് മെഡിക്കല്‍ സംഘങ്ങളാണ് വിമാനത്താവളത്തിലുള്ളത്. വിവര ശേഖരണത്തിന് 10 കൗണ്ടറുകളും എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനയ്ക്ക് നാലും കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള സജജീകരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കു മാറ്റും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നവര്‍, ഗര്‍ഭിണികള്‍, പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്നവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററിലുമാക്കും.
മലപ്പുറം ജില്ലക്കാരായവരെ കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോവുക. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കും. ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്സി സംവിധാനം ഒരുക്കിക്കൊടുക്കും. അപ്രകാരം പോകാന്‍ സാധിക്കാത്തവരെ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലാക്കും.
23 കെ.എസ്.ആര്‍.ടി.സി ബസുകളാണ് യാത്രയ്ക്കായി വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, മറ്റ് രോഗികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം മലപ്പുറം ജില്ലയില്‍ നിന്നുള്ളതും 10 എണ്ണം കോഴിക്കോട് ജില്ലയില്‍ നിന്നുള്ളതുമാണ്. കൂടാതെ പ്രീ പെയ്ഡ് ടാക്‌സി സൗകര്യവും വിമാനത്താവളത്തിലുണ്ട്.
വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ഏജന്‍സി പ്രതിനിധികള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments are closed.