1470-490

അവശ്യസർവ്വീസ് വിഭാഗക്കാർക്ക് പൊലീസ് പാസ് ആവശ്യമില്ല


തൃശൂർ: അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്രാനിരോധനം ബാധകമല്ലെന്നും പാസ് ആവശ്യമല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സർക്കാർ ജീവനക്കാരുൾപ്പെടെ സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, ബാങ്ക് ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഐ.റ്റി മേഖലകളിലുളളവർ, ഡാറ്റ സെൻറർ ജീവനക്കാർ, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാർ മുതലായവർക്ക് വൈകുന്നേരം ഏഴ് മണി മുതൽ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കൂടാതെ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ലെന്നും തിരിച്ചറിയൽ കാർഡോടുകൂടി യാത്ര ചെയ്യാവുന്നതാണെന്നും വ്യക്തമാക്കി.
നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച് ശേഖരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സിമൻറ് വിൽക്കുന്നത് ഉൾപ്പെടെ നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതിയുണ്ട്. തുറന്ന് പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ സർക്കാർ ഓഫീസുകൾ പിന്തുടരുന്നതിന് സമാനമായ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഏറ്റവും കുറച്ച് ജീവനക്കാർ, സാമൂഹ്യ അകലം പാലിക്കൽ എന്നിവയാണ് പ്രധാനം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും കരുതണം. ഇവർക്ക് പോലീസ് പാസ്സിന്റെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. എന്നാൽ ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്കും പോലീസ് പാസ് നൽകുന്നതല്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല.

Comments are closed.