1470-490

പ്രവാസികൾക്കായി കുന്നംകുളം താലൂക്കിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി

വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ, നാട്ടിലേക്ക്  തിരിച്ചെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ കുന്നംകുളം താലൂക്കിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ലോകം കീഴടക്കിയ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിലും, ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്തിരുന്നവർ കേരളത്തിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിൽ അവരെ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ പൂർത്തിയായി. നാട്ടിലേക്ക് മടങ്ങുന്നവരെ ക്വറൈറ്റന്റിനിൽ താമസിപ്പിക്കുന്നതിനായി 45 കെട്ടിടങ്ങളാണ് കുന്നംകുളം താലൂക്ക് പരിധിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഇത്രയും കെട്ടിടങ്ങളിലായി 1285 റൂമുകളും, 2688 കിടക്കകളുമാണ് ഒരുക്കിയിരിക്കുന്നത്. താലൂക്ക് പരിധിയിലുള്ള തദ്ദേശ ഭരണ സ്ഥാപന പരിധിയിൽ നിന്നുള്ളവർക്കൊപ്പം, മറ്റിടങ്ങളിൽ നിന്നുള്ളവരെയും ക്വാററ്റൈന്റിൽ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികൾ, ബാർ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവയാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പഞ്ചായത്തുകളിൽ നിന്നുള്ള കണക്കുപ്രകാരമാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും, സജ്ജമാക്കിയ സൗകര്യകളുടെ കൃത്യമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും തഹസിൽദാർ പി.ആർ.സുധ വ്യക്തമാക്കി. കുന്നംകുളം നഗരസഭ പരിധിയിലുള്ള 1100 പ്രവാസികളാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായി സന്നദ്ധത അറിയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നവരാണിവർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 310 പേരാണ് തിരിച്ചെത്തുക. ഇതിൽ 11 പേർ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലെത്തി കഴിഞ്ഞിട്ടുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ആവശ്യമായ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ മുൻപ് തന്നെ ഐസലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ നഗരത്തിലെ നാല് ലോഡ്ജുകളും, ഇറ്റിമാണി, യൂണിറ്റി എന്നീ സ്വകാര്യ ആശുപത്രികൾ, കിഴൂർ ഗവ.പോളിടെക്നിക്കിലെ രണ്ട് ഹോസ്റ്റലുകൾ, ഗവ. അന്ധ – ബധിര വിദ്യാലയങ്ങളിലെ  ഹോസ്റ്റലുകൾ, വൈ.ഡബ്ല്യു.സി.എ. ഹോസ്റ്റൽ എന്നിവടങ്ങളും രോഗലക്ഷ്ണമുള്ളവരെ നീരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിർദേശങ്ങൾ അനുസരിച്ചായിരിക്കും ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

Comments are closed.