1470-490

അമിത വൈദ്യുതി ബിൽ: നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി

കോട്ടയ്ക്കൽ: വൈദ്യുതി സെക്ഷൻ ഓഫീസിനു കീഴിലുള്ള വീടുകളിലും മറ്റും ഇത്തവണ അമിത ബിൽ ലഭിച്ചതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. പലതവണ ഓഫിസിൽ കയറിയിറങ്ങിയിട്ടും പ്രയോജനം ഉണ്ടായില്ലെന്നാണ് പറയുന്നത്. കഴിഞ്ഞമാസം മീറ്റർ റീഡിങ്ങ് നടത്തിയപ്പോൾ 60 ദിവസത്തെ കൂടാതെ പത്തുദിവസത്തെ തുക കൂടി ബില്ലിൽ ചേർത്തിരുന്നു. ഇതോടെ സ് ലാബ് മാറി മൊത്തം തുകയിൽ വലിയ വർധനയുണ്ടായി. വിവിധയിടങ്ങളിൽ നിന്നു പരാതി ഉയർന്നപ്പോൾ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി എം.എം മണിയും ബോർഡ് ചെയർമാനും അറിയിച്ചിരുന്നു. ഇതുപ്രകാരം ഓഫിസിലെത്തിയ ഉപയോക്താക്കളോട് കൃത്യമായ തുകയാണ് ബില്ലിൽ കാണിച്ചിരിക്കുന്നതെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം നടത്താൻ മുസ് ലിം യൂത്ത് ലീഗ് മുൻസിപ്പൽ സമിതി തീരുമാനിച്ചു. കെ.എം. ഖലീൽ അധ്യക്ഷത വഹിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി. ഷമിം, എം. സുർജിത് എന്നിവർ പ്രസംഗിച്ചു. സെക്ഷൻ ഓഫിസിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഇല്ലാത്തതിനാൽ ആളുകൾക്കു പരാതി നൽകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ഉദ്യോഗസ്ഥനെ നിയമിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വെങ്ങാലിൽ പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓഫിസ് ഉപരോധിക്കാൻ ബിജെപി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എം.കെ.ജയകുമാർ അധ്യക്ഷത വഹിച്ചു.

Comments are closed.