1470-490

ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞുസഹായങ്ങൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കുഞ്ഞുസഹായവുമായി ആരവും അഭിരാമും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ സഹായങ്ങള്‍ തുടരുന്നു. വിഷുകൈനീട്ടവും  കുടുക്കപൊട്ടിച്ച നാണയങ്ങളും നല്‍കി   നാലാം ക്ലാസുകാരന്‍ അഭിരാം നാലു വയസ്സുകാരന്‍ ആരവ് എന്നിവരാണ് മാതൃകയാവുന്നത്. കൊളപ്പുറം സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അഭിരാം വിഷുവിന് കൈ നീട്ടം കിട്ടിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവനയായി നല്‍കിയത്. ഷൂ വാങ്ങാനാണ് കൈ നീട്ടം കിട്ടിയ തുക കരുതിയിരുന്നത് എന്നാല്‍ കുടുംബാംഗങ്ങളോടൊപ്പം ഒന്നിച്ച് കണ്ടിരുന്ന ദിവസേനയുള്ള മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ മകന് പ്രചോദനമായെന്നും മാതാപിതാക്കള്‍ പറഞ്ഞു. കൊളപ്പുറം സ്വദേശികളായ വിനോദ്, റിന്‍സി എന്നിവരുടെ മകനാണ് അഭിരാം.
അച്ഛന്‍  നല്‍കുന്ന നാണയങ്ങള്‍ നിത്യവും കുടുക്കയില്‍ നിക്ഷേപിച്ച് കിട്ടിയ തുകയാണ് ആരവ്  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  അങ്കണവാടിയില്‍ പോകുമ്പോള്‍ പുതിയ ബാഗും കുടയും വാങ്ങിക്കാന്‍ കരുതിയ പണമാണ് ആരവ് കൈമാറിയത്. കോവിഡ് 19 ന്റെ സങ്കീര്‍ണതകളെക്കുറിച്ചോ ദുരിതാശ്വാസ നിധിയെക്കുറിച്ചോ ഒന്നുമറിയില്ലെങ്കിലും  നാട്ടില്‍ കൊറോണയാ ണെന്നും  പൊലീസിനു പൈസ  കൊടുക്കാമെന്ന് പറഞ്ഞാണ്  തുക നല്‍കിയത്.വേങ്ങര സി.ഐ ഗോപകുമാര്‍ ആരവില്‍ നിന്നും തുക ഏറ്റുവാങ്ങി. വേങ്ങര കൂരിയാട് സ്വദേശി  സനല്‍ കുമാര്‍ ആതിര ദമ്പതികളുടെ മകനാണ് ആരവ്.

Comments are closed.