1470-490

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ടത് അത്യാവശ്യങ്ങള്‍ക്ക് മാത്രം


മലപ്പുറം: ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അനാവശ്യമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇതിനു സാധിക്കാത്ത അത്യാവശ്യങ്ങള്‍ക്കു മാത്രമെ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്താവൂ. റവന്യൂ, മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകളില്‍ കൂടുതല്‍ പേര്‍ അനാവശ്യമായി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ലോക് ഡൗണ്‍ ആരംഭിച്ച ശേഷം കാലാവധി കഴിഞ്ഞതാണെങ്കില്‍ ജൂണ്‍ 30 വരെ അവസരമുണ്ട്. മറ്റിതര സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാണ്. അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രത്യേക നിര്‍ദേശപ്രകാരം ജീവനക്കാരുടെ എണ്ണം കുറച്ച് ആരോഗ്യ ജാഗ്രത പാലിച്ചുള്ള പ്രവര്‍ത്തനത്തിനാണ് അനുമതി. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥര്‍ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം. അവശ്യ വിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായിരിക്കും.

Comments are closed.