1470-490

മാസ്‌ക് മുതല്‍ പച്ചക്കറി വരെ അണുവിമുക്തമാക്കാവുന്ന ചേംബർ

കൊടകര: മാസ്‌ക് മുതല്‍ പച്ചക്കറി വരെ അണുവിമുക്തമാക്കാവുന്ന ചേംബറുമായി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ സഹൃദയ ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി.വൈറസുകളടക്കമുള്ള അണുക്കളെ അള്‍ട്രാ വയലറ്റ് വികിരണവും ഓസോണ്‍ വാതകവും ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്.സഹൃദയ സ്റ്റാര്‍ട്ടപ്പും കളമശ്ശേരി മേക്കര്‍ വില്ലേജും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദേവാഡിറ്റെക് ഇന്നോവേഷന്‍സ് ആണ് ഈ ആണുനശീകരണ ചേംബര്‍ നിര്‍മിച്ചത്.

കൊറോണ വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും അവരുടെ മൊബൈല്‍ ഫോണ്‍ വരെ ഈ ചേംബറില്‍ കുറഞ്ഞ സമയം കൊണ്ട് അണുവിമുക്തമാക്കാം.സാധാരണഗതിയില്‍ ഉപയോഗ ശേഷം ഉപേക്ഷിക്കേണ്ട ഇത്തരം മാസ്‌കുകള്‍ സുരക്ഷിതമായി പുനരുപയോഗിക്കുവാനും സാധിക്കും.വീടുകളിലും, സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സുരക്ഷിതമായി ഈ ചേംബര്‍ സ്ഥാപിക്കാനും ഉപയോഗിക്കാനും സാധിക്കും.വസ്ത്രങ്ങള്‍,ആഭരണങ്ങള്‍,ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം ഇത് ഉപയോഗിച്ച് അണുവിമുക്തമാക്കാം. മറ്റു പാരമ്പര്യ അണുനശീകരണ മാര്‍ഗങ്ങളെ പോലെ പരിസ്ഥിതിക്കോ മനുഷ്യര്‍ക്കോ ഇത് അപകടകാരി അല്ല ഈ ചേംബര്‍.പതിനായിരം രൂപയില്‍ താഴെയെ ഇത് നിര്‍മിക്കാന്‍ ചിലവ് വരൂ.

സഹൃദയയില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിയോ ലിയാന്റല്‍ ലോറന്‍സ്,സുമിത് സി മോഹന്‍,മനോജ് മേനോന്‍,സുജേഷ് സുരേന്ദ്രന്‍,വിവേക് സിംഗ്,ടി.പി. രബീഷ് തുടങ്ങിയവരടങ്ങുന്ന ദേവാഡിറ്റെക് ഇന്നോവേഷന്‍സ് ടീമാണ് ചേംബര്‍ രൂപകല്‍പന ചെയ്തത്.ഓര്‍ബിസ് ഓട്ടോമോട്ടീവ്‌സ് , സെന്റര്‍ ഫോര്‍ ഇന്റ്റഗ്രേറ്റഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്, കരുനാഗപ്പള്ളി, എന്നീ സ്ഥാപനങ്ങള്‍ നിര്‍മാണത്തില്‍ പങ്കാളികള്‍ ആയി.സഹൃദയയിലെ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫ. ജിബിന്‍ ജോസ്,പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ. ഡോ. വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ചേംബറിന്റെ അവസാനഘട്ട പരിശോധനകള്‍ നടന്നു.ക്ലിനിക്കല്‍ വാലിഡേഷന് ശേഷം ഉടനെ തന്നെ ചേംബര്‍ വിപണിയില്‍ ഇറക്കാന്‍ തയാറെടുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്.കൊറോണ രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് അണുവിമുക്ത ചേംബര്‍ സൗജന്യമായി നല്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

Comments are closed.