1470-490

അക്ഷരവൃക്ഷത്തിൽ ലേഖനം, ക്ലാരിയുടെ അഭിമാനമായി അമൻഷ

എടരിക്കോട്: ക്ലാരി ഗവ യു പി സ്‌കൂളിന് അഭിമാനമായി അക്ഷരവൃക്ഷത്തിലേക്ക് അമൻഷയുടെ ലേഖനം തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസയും. ഏഴാം തരം വിദ്യാർഥി അമൻഷ എഴുതിയ ‘ഭയമല്ല, വേണ്ടത് ജാഗ്രതയാണ് ‘ എന്ന ലേഖനമാണ് പ്രശംസക്കർഹമായത്. ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത അക്ഷരവൃക്ഷം ഒന്നാം വോള്യത്തിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.

   പൊതുവിദ്യാഭ്യാസ വകുപ്പ് ലോക്ക്ഡൗൺ സമയത്ത് വിദ്യാർഥികളുടെ സർഗ്ഗാത്മക രചന പ്രോത്സാഹിപ്പിക്കാൻ അക്ഷരവൃക്ഷം എന്ന പദ്ധതിക്ക് കീഴിൽ ശുചിത്വം, രോഗപ്രതിരോധം, പരിസ്ഥിതി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഓൺലൈനായി  കഥ, കവിത, ലേഖനങ്ങൾ ക്ഷണിച്ചിരുന്നു. സ്‌കൂൾവിക്കിയിലാണ് ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ അര ലക്ഷത്തിലധികം വിദ്യാർഥികളുടെ രചനകൾ  അപ്‌ലോഡ് ചെയ്തത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള തൊണ്ണൂറ് ലേഖനങ്ങളാണ് ആദ്യ പ്രസിദ്ധീകരണത്തിൽ ഇടം നേടിയത്. അതിൽ  കോവിഡ് ഭീതിയെ കുറിച്ചുള്ള തന്റെ ലേഖനം ഇടം പിടിക്കുകയും ബഹു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിന്റെ പ്രശംസപത്രം പ്രത്യേകം ലഭിക്കുകയും ചെയ്ത അഭിമാന നേട്ടത്തിലാണ് അമൻഷയും ക്ലാരി സ്‌കൂളും.

ക്ലാരി ഗവ യു പി സ്‌കൂളിലെ അധ്യാപകൻ ഷബീർബാബുവിന്റെയും ക്ലാരി പുത്തൂർ എ എം എൽ പി സ്‌കൂൾ അധ്യാപികയായ സഹ് ല പൂക്കാടന്റെയും മകനാണ് അമൻഷ.
സ്‌കൂൾ ഹെഡ്മാസ്റ്റർ  റോയ് മാത്യു ,പിടിഎ , മറ്റ് അധ്യാപകരും വിദ്യാർഥിയെ അഭിനന്ദിച്ചു. 

Comments are closed.