1470-490

അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിൽ ആശയക്കുഴപ്പം.

എരമംഗലം: പെരുമ്പടപ്പിൽനിന്ന് 60 അതിഥിത്തൊഴിലാളികൾക്കു മാത്രമാണ് യാത്രാനുമതി ലഭിച്ചത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിഹാറിൽ നിന്നുള്ള 500 പേരെ കൊണ്ടുപോകുമെന്നാണു പൊലീസിന് നിർദേശം ലഭിച്ചത്. പൊലീസ് അതുപ്രകാരം ഇന്നലെ രാവിലെ 500പേരുടെ കണക്കെടുത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽനിന്ന് ഉച്ചയ്ക്ക് കെഎസ്ആർടിസി ബസിൽ തിരൂരിൽ എത്തിക്കുമെന്ന് അറിയിച്ചു.
ജില്ലയുടെ മറ്റു താലൂക്കുകളിൽനിന്ന് കണക്കിൽപെടാത്ത ബിഹാറിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ട്രെയിനിൽ സീറ്റില്ലാതായി. ഒടുവിൽ വൈകിട്ടോടെ 60 പേരെ കൊണ്ടുപോകുന്നതിന് റവന്യു അധികൃതർ അനുമതി നൽകി.മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കാത്തുനിന്ന 440 പേർക്ക് ഇതോടെ തിരിച്ചുപോകേണ്ടി വന്നു. ഇത് പ്രതിഷേധത്തിനിടയാക്കി. മറ്റൊരു ദിവസം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

Comments are closed.