1470-490

പരോളിലും മാസ്‌ക് തയ്ക്കുകയാണ് തോമസ്

വിയ്യൂർ ജയിലിലെ കൈതൊഴിൽ പരിശീലനം സഹായിച്ചു; പരോളിലും മാസ്‌ക് തയ്ക്കുകയാണ് തോമസ്  
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ തോമസ് പരോളിലാണെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ്. വിയ്യൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം ശിക്ഷ തടവുകാരനാണ് തോമസ്. ജയിലുകളിൽ സാമൂഹിക അകലം  സൃഷ്ടിക്കുന്നതിനായി അന്തേവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായി നല്ലൊരു വിഭാഗം തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ചിരുന്നു.  ഈ  കൂട്ടത്തിൽ ഏപ്രിൽ  രണ്ടാം വാരത്തിൽ തോമസിനും കിട്ടി ഒരു മാസത്തെ പരോൾ.പരോളിൽ ഇറങ്ങാൻ നേരം ജയിൽ അധികൃതർ നൽകിയ നിർദ്ദേശം വീട്ടിൽ തന്നെ കഴിയണം സർക്കാർ നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണം എന്നതായിരുന്നു.ജയിലിലെ അന്തേവാസികൾക്കായി വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നതിന്റെ  ഭാഗമായി കഴിഞ്ഞ വർഷം നടത്തിയ തയ്യൽ  ഫാഷൻ ടെക്‌നോളജി കോഴ്‌സിൽ  തോമസ് പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി അത്യാവശ്യ തുന്നൽ  ജോലികൾ പഠിക്കുകയും ചെയ്തു. പരോളിൽ വീട്ടിൽ എത്തിയതോടെ വരുമാനമാർഗം ഇല്ലാതെയായി. ജയിലിലെ വരുമാനവും നിലച്ചു. പുറത്തുപോയി കൂലിപ്പണി ചെയ്യാൻ നിവൃത്തിയില്ല അപ്പോഴാണ് ആശയം മുന്നിലേക്ക് വന്നത്. എന്തുകൊണ്ട് പഠിച്ച പണി ചെയ്തു കൂടാ? വീട്ടിൽ ഉപേക്ഷിച്ചിരുന്ന പഴയ തയ്യൽ മെഷീൻ പൊടിതട്ടിയെടുത്ത് എണ്ണയിട്ട് പ്രവർത്തനക്ഷമമാക്കി വീടിന്റ ഇറയത്ത് ഇട്ടു. പരിചയമുള്ള തുണി വ്യാപാരിയിൽ നിന്നും അല്പം കോട്ടൻ തുണി സംഘടിപ്പിച്ചു. ജയിലിൽ  ചെയ്തതുപോലെ കോട്ടൺ തുണി ഉപയോഗിച്ച് തോമസ് തുന്നാൻ തുടങ്ങി. അയൽക്കാരും നാട്ടുകാരുമായി ആവശ്യക്കാരേറെ.നാട്ടുകാരുടെ വർദ്ധിച്ചുവരുന്ന ആവശ്യമനുസരിച്ച് തോമസ് മാസ്‌ക് തുന്നി കൊണ്ടിരിക്കുന്നു. ദിനം പ്രതി 750 ഓളം മാസ്‌ക്കുകളാണ് തുന്നുന്നത്. സഹായത്തിനായി ഭാര്യയും സുഖമില്ലാത്ത മകനും. കൊരട്ടിയിലെ വീട്ടിൽ ഇരുന്നാണ് മാസ്‌ക് നിർമ്മാണം. മാസ്‌ക് നിർമ്മാണം പഠിപ്പിച്ച വിയ്യൂർ സെൻട്രൽ ജയിലിനെ അപ്പോഴും തോമസ് മറന്നില്ല. മൊബൈൽ ഫോണിൽ നിന്നും ജയിൽ സൂപ്രണ്ടിന് തോമസ് മെസ്സേജ് അയച്ചു. ജയിലിൽ തയ്യൽ പഠിച്ചത്  നന്നായി. ഇപ്പോൾ  മാസ്‌ക് തയ്ച്ചു കൊടുത്ത് കുടുംബം സംരക്ഷിക്കുന്നു എന്ന്. ഈ കഴിഞ്ഞ മാർച്ച് മാസത്തോടെ കോവിഡ് 19 വ്യാപനത്തോടെ മാസ്‌ക്, സാനിറ്റൈസർ എന്നിവക്ക് ദൗർലഭ്യം നേരിട്ടപ്പോൾ ജയിലിലെ അന്തേവാസികളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ജയിലിലെ ഫുഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന തോമസ് രാത്രി കാലങ്ങളിൽ മാസ്‌ക് നിർമാണത്തിൽ സജീവമായി പങ്കെടുത്തിരുന്നു.
വിയ്യൂർ സെൻട്രൽ ജയിൽ കൗണ്ടറിൽ മാസ്‌ക്, സാനിറ്റൈസർ  വില്പന തുടങ്ങിവിയ്യൂർ സെൻട്രൽ പ്രിസണിൽ  നിർമ്മിക്കുന്ന തുണികൊണ്ടുള്ള മാസ്‌ക്, ഫ്രീഡം സാനിറ്റൈസർ എന്നിവയുടെ വിൽപ്പന ജയിലിന് മുന്നിലെ കൗണ്ടറിൽ ആരംഭിച്ചു. പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളും ഡിസ്‌പോസിബിൾ മാസ്‌ക്കുകളുമാണ് ജയിലിൽ ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം ആയിരത്തി അഞ്ഞൂറിലധികം മാസ്‌കുകൾ ഇപ്പോൾ നിർമ്മിച്ചു വരുന്നു. ജയിലിലെ 30 തടവുകാർ ഇതുമായി ബന്ധപ്പെട്ട് പകലും രാത്രിയും പ്രവർത്തിച്ചുവരികയാണ്. തുണി കൊണ്ടുള്ള മാസ്‌കിന് 10 രൂപയും, ഡിസ്‌പോസബിൾ മാസ്‌കിന് അഞ്ചു രൂപയുമാണ് വില. കൗണ്ടറിൽ നിന്നും ഒരാൾക്ക് ഒരു മാസക് മാത്രമേ ലഭിക്കുകയുള്ളൂ.ജയിലിൽ നിർമ്മിച്ച ഫ്രീഡം സാനിറ്റൈസർ  വിൽപനയും ആരംഭിച്ചു. 100 മില്ലി ലിറ്ററിന് 100 രൂപയാണ് വില. സെന്റ് തോമസ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിസ്ട്രി റിസർച്ച വിഭാഗത്തിന്റെ  മേൽനോട്ടത്തിൽ ജയിൽ ജോയിന്റെ  സൂപ്രണ്ട് ആർ എസ് രാജേഷ് കുമാർ, വെൽഫയർ ഓഫീസർ സാജി സൈമൺ, അധ്യാപകൻ പി ഡി അനൂപ് എന്നിവരുടെ  നേതൃത്വത്തിലാണ് സാനിറ്റൈസർ  നിർമ്മിക്കുന്നത്. 300 ബോട്ടിൽ സാനിറ്റൈസറുകളാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരിസ്, അസിസ്റ്റൻറ് സൂപ്രണ്ട് എം പ്രിയൻ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ശ്രീനാഥ് നന്ദൻ,  മുരളീധരൻ കല്ലാടൻ, എംകെ കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ നിർമ്മിക്കുന്നത്.

Comments are closed.