‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി
യുവജന കമ്മീഷന്റെ വേറിട്ട ക്യാമ്പയിൻ
കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീർക്കുമ്പോൾ, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു യുവജന കമ്മീഷൻ. ‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’ എന്ന ടാഗ് ലൈനുമായുമാണ് യുവജനകമ്മീഷൻ ക്യാമ്പയിൻ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകുന്ന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രതിരോധിച്ചു ഒറ്റക്കെട്ടായി കേരളത്തെ ചേർത്തു പിടിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആബാലവൃദ്ധം ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവരുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നൽകുന്ന ആവേശകരമായ അനുഭവം ഇപ്പോൾ കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ യുവത്വത്തിന്റെ ആകെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. 100 രൂപയോ അതിന്റെ ഗുണിതങ്ങളോ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന യുവജനകമ്മീഷന്റെ ക്യാമ്പയിനിൽ അഭിമാനപൂർവ്വം പങ്കാളികളാകാൻ ആണ് കമ്മീഷന്റെ ആഹ്വാനം. തുകയുടെ വലിപ്പമല്ല പ്രധാനം, എന്നും സഹായിക്കാൻ ഉള്ള മനസ്ഥിതി ആണ് എന്നും ഓർമിപ്പിച്ചാണ്, 100 രൂപ മുതൽ സംഭാവന ചെയ്യാൻ ക്ഷണിച്ചിരിക്കുന്നത്. ‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്.. ‘ എന്ന ക്യാമ്പയിൻ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേർ ഏറ്റെടുത്തു കഴിഞ്ഞു. ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ യുവജന സംഘടനയുടേയും സാംസ്‌കാരിക വേദികളുടേയും യുവജനക്ലബ്ലുകളുടേയും നവമാധ്യമകൂട്ടായ്മയുടേയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ഒരുമയുടെ സാക്ഷ്യമായി ക്യാമ്പയിൻ മാറുമെന്നും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.
Comments are closed.