കിനാലൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാർഷികവിളകൾ, ഇടവിള കൃഷികൾ വാഴകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കുക പതിവാണ്. രാത്രിയിൽ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്ന ഇവ പറമ്പിലും പാടത്തും നിരങ്ങി മുഴുവൻ വിളകളും കൃഷികളും നശിപ്പിക്കുകയാണ്. കിനാലൂർ വ്യവസായ കേന്ദ്രത്തിന്റെ ഭൂമിയിൽ കുറ്റിക്കാടുകളിൽ നിന്നാണ് ഗ്രാമീണ മേഖലയിലെ ജനവാസ കേന്ദ്രത്തിലേക്ക് പന്നികളെത്തുന്നത്. മരച്ചീനി, വാഴ, ചേമ്പ്, ചേന, കിഴങ്ങുവർഗങ്ങൾ, തെങ്ങിൻ തൈകൾ തുടങ്ങിയ മുഴുവൻ കൃഷിയും ധാരാളമായി നശിപ്പിക്കപ്പെടുന്നത് നിത്യസംഭവമാണ്. കർഷകർ വേലി കെട്ടിയും മതിൽ കെട്ടിയും സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം തകർത്തെറിഞ്ഞാണ് വിളകൾ നശിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. എന്നാൽ വ്യവസായ കേന്ദ്രത്തിന്റെ ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കുന്നതിലൂടെ കാട്ടുപന്നി ശല്യം ഒരു പരിധി വരെ തടയാൻ കഴിയുമെങ്കിലും ഇതിനുള്ള നടപടികൾ ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുകയാണ്.
Comments are closed.