ആരോഗ്യപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൃസ്വ ചിത്രവുമായി നാടക പ്രവർത്തകർ.

ലോകം എമ്പാടുമുള്ള ജനങ്ങൾ കോവിഡ് 19 ഭീതിയിലായിരിക്കെ, ആരോഗ്യപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൃസ്വ ചിത്രവുമായി നാടക പ്രവർത്തകർ. ചൂണ്ടൽ ജാലകം കൾച്ചർ കളക്ടീവ് പ്രവർത്തകരാണ് അകലം എന്ന 6 മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചിത്രമൊരുക്കിയിട്ടുള്ളത്. ലളിതവും നർമ്മമധുരവുമായആഖ്യാനരീതിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദൈവങ്ങൾ പോലും തോറ്റു പോകുന്ന സാഹചര്യത്തിൽ സ്വജീവൻ പോലും തൃണവൽക്കരിച്ച് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചാണ് സംവിധായകനായ റേഷൻ കേശവൻ ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രസാദ് രഘുവരൻ രചന നിർവഹിച്ച ചിത്രത്തിൽ സാജൻ മാറോക്കിയാണ് അഭിനേതാവായി രംഗത്തുള്ളത്. പൂജാരിയും, ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദൈവവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മനുഷ്യന്റെ ചെയ്തികളുടെ ഫലമാണ് പ്രകൃതിക്ക് പോലും ദോഷകരമായ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതെന്നും, ദൈവങ്ങൾ നിസഹയരാണെന്നും ബോധ്യപ്പെടുത്തുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേത്. അജിത് സിദ്ധാർഥ് ക്യാമറയും, സി.കെ.വിൻസെന്റ് എഡിറ്റിങ്ങും നിർവഹിച്ച ഹൃസ്വ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷരിലേക്ക് എത്തിച്ചിട്ടുള്ളത്.
Comments are closed.