1470-490

സക്കാത്ത് വിതരണത്തില്‍ കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം

കോവിഡ് 19: സക്കാത്ത് വിതരണത്തില്‍ കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം – മന്ത്രി കെ.ടി ജലീല്‍
റംസാന്‍ അനുബന്ധ സക്കാത്ത് വിതരണത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സക്കാത്ത് കൈപ്പറ്റുന്നതിനായി ആരും വീടുകള്‍ കയറിയിറങ്ങരുതെന്നും സാമൂഹ്യ വ്യാപനം തടയുന്നതിന് ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കലക്ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാണ് നടക്കുന്നത്. ജില്ലയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം മനസ്സിലാക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരിലുള്‍പ്പടെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച 300 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമാണെങ്കിലും, ലോക്ഡൗണ്‍ തീരുന്നത് വരെ അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളില്‍ നിലവിലെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളില്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യമറിയിച്ചവരെ കൊണ്ടുപോകുന്നതിനായി ആദ്യ തീവണ്ടി ഇന്നലെ (മെയ് 2) തിരൂരില്‍ നിന്ന് ബീഹാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരായവര്‍ക്കായി അവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് പരിശോധന ഉള്‍പ്പടെ ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു.അബദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവരും പങ്കെടുത്തു.

Comments are closed.