1470-490

സർക്കാർ ഉദ്യോഗസ്ഥരുടെ കള്ളക്കണക്ക് പൊളിച്ചടുക്കി ഒരു ജീവനക്കാരൻ

രാംദാസ്

6 ദിവസത്തെ ശമ്പളം നീക്കിവക്കലിനെക്കുറിച്ച് –

ശരിക്കു പറഞ്ഞാല്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറയേണ്ട എന്നു തന്നെ കരുതിയിരുന്നതാണ്. പ്രത്യേകിച്ചും ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ഞാന്‍ അതിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ തൊഴിലിന്റെ സ്വാധീനം അറിഞ്ഞോ അറിയാതെയോ നിഴലിച്ചേക്കാം എന്നതിനാല്‍. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പരിഹാസങ്ങളും പോര്‍വിളികളും വിലാപങ്ങളും കാണുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ എന്ന് തോന്നിപ്പോവുന്നു.

ആദ്യം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം നിര്‍ബന്ധമായും ഒരു മാസത്തെ ശമ്പളം നല്‍കണം എന്നതിനെ കുറിച്ച്. നിലവില്‍ ഈ വാദത്തിന് പ്രസക്തിയില്ല. കാരണം ആരുടേയും ശമ്പളം ഇവിടെ സംഭാവനയായി നല്‍കപ്പെടുന്നില്ല. പകരം കടമായി നല്‍കുകയാണ്. ഇവിടെ ഓരോ മാസവും NPS ജീവനക്കാരന്‍ 10 ശതമാനം ശമ്പളം വിഹിതം നല്‍കുന്നത് വിരമിക്കുമ്പോള്‍ പോലും തിരികെ ലഭിക്കും എന്ന യാതൊരു ഉറപ്പും ഇല്ലാതെ ആണെന്നിരിക്കെ ആകെ 5 മാസം മാത്രം ഒരു നിശ്ചിത തുക അതും സര്‍ക്കാര്‍ ജാമ്യത്തില്‍ നല്‍കുന്നതിനെ ഒരു കാരണവശാലും എതിര്‍ക്കേണ്ട കാര്യമില്ലാത്തതാണ്. NPS വഴി ഓരോ മാസവും 10 ശതമാനം ശമ്പളം സര്‍വ്വീസ് കാലം മുഴുവന്‍ തിരികെ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ലാതെ പിടിച്ചെടുക്കുന്നതിന് ഓശാന പാടിയവരാണ് ഇപ്പോള്‍ കേവലം 5 മാസത്തേക്ക് തിരികെ നല്‍കുമെന്ന ഉറപ്പോടെ കുറച്ചു പണം കടമായി എടുക്കുന്നതിനെതിരെ വാഗ്ദോരണികളുമായി വരുന്നതും കോടതിയിലേക്ക് പോകുന്നതെന്നതുമെല്ലാം നിലപാടിലേയും നിലനില്‍പിന്റെ ആമാശയപരമായ പോരാട്ടത്തിന്റേയും വൈരുദ്ധ്യങ്ങളുടെ മകുടോദാഹരണങ്ങളാണ്. പകരം സാലറി ചലഞ്ചായിരുന്നെങ്കില്‍ അവരുടെ വാദത്തിന് ചെറുതെങ്കിലും സാംഗത്യമുണ്ടെന്ന് വാദത്തിനെങ്കിലും സമ്മതിക്കാമായിരുന്നു. കാരണം ആ പണം തിരികെ ലഭിക്കുന്നതല്ല. അപ്പോഴും സര്‍വ്വീസ് കാലഘട്ടം മുഴുവന്‍ 10 ശതമാനം തുക പിടിച്ചെടുക്കാന്‍ പൂര്‍ണ പിന്തുണ നല്‍കിയവരാണ് ഇവരെന്നത് നോക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ പോയിട്ട് പ്രതികരിക്കാന്‍ പോലും അവര്‍ക്കുള്ള അവകാശത്തെ ധാര്‍മികമായി പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെടുകയാണ്.

ഈ പറഞ്ഞത് അതിലെ പ്രത്യക്ഷമായ കാര്യങ്ങളാണെങ്കില്‍ ഇനി പറയാനുള്ളത് കുറച്ച് സാങ്കേതികമായ കണക്കിലെ കളികള്‍ ആണ്. സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ദാരിദ്രത്തെക്കുറിച്ച് വിലാപഗാഥകളുമായി ഇറങ്ങിയ പോസ്റ്റുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ശമ്പള ബില്ലിന്റെ ഫോട്ടോ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആ ശമ്പള ബില്‍ വച്ചു കൊണ്ടു തന്നെ ഈ സാലറി കട്ടിന്റെ ചില സാങ്കേതിക കാര്യങ്ങള്‍ സൂചിപ്പിക്കാം. ഈ ബില്ലിന്റെ ഫോട്ടോ ഷെയര്‍ ചെയ്യുന്നവര്‍ കരയുന്നത് ഈ ഉദ്യോഗസ്ഥന് ആകെ മാസത്തില്‍ കൈയില്‍ കിട്ടുന്നത് വെറും 10921 രൂപ മാത്രമാണ്, അതില്‍ നിന്നും ആറു ദിവസത്തെ ശമ്പളം പിടിച്ചാല്‍ പിന്നെ ഇദ്ദേഹം കഞ്ഞികിട്ടാതെ പട്ടിണി കിടന്ന് മരിക്കും എന്നൊക്കെയാണ്. എന്താണ് ഇതിന്റെ വാസ്തവമെന്ന് നോക്കാം.

ഈ ഉദ്യോഗസ്ഥന്‍ 32300-68700 ശമ്പളം സ്കെയിലില്‍ 43600 രൂപ അടിസ്ഥാന ശമ്പളം പറ്റുന്ന ആളാണ്. എന്തായാലും അടിസ്ഥാന ശമ്പളം 43600 എന്നത് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വച്ച് നോക്കുമ്പോള്‍ വളരെ മികച്ച ഒരു വേതനം തന്നെയാണ്. പിന്നെ ഇദ്ദേഹത്തിന് ക്ഷാമബത്തകൂടാതെ വീട് വാടക അലവന്‍സും നഗരപരിധിയില്‍ ജോലി ചെയ്യുന്നതിന്റെ സിറ്റി കോംപന്‍സേറ്ററി അലവന്‍സും കൂടാതെ സ്ഥിരയാത്രാ ബത്തയും അടക്കം ആ അടിസ്ഥാന വേതനത്തിന്റേതായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്. അതായത് സര്‍ക്കാര്‍ ഇദ്ദേഹത്തിനായി ഒരു മാസം ആകെ 55590 രൂപയാണ് വേതനമായി നല്‍കുന്നത്. ഒരു IAS ഓഫീസര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം 56100 മാത്രമാണെന്നത് ഓര്‍ക്കണം.

ഇനിയാണ് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടുന്ന അല്ലെങ്കില്‍ ഇത്തരം സാങ്കേതികള്‍ അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന കണക്കുകള്‍. 55590 രൂപ ശമ്പളമായി ലഭിക്കുന്ന ഇദ്ദേഹം ആ തുക ചെലവാക്കുന്ന വഴികള്‍ നോക്കാം. 13000 രൂപ അദ്ദേഹം കോഓപറേറ്റീവ് സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ എടുത്ത ലോണിന്റെ തിരിച്ചടവായി ശമ്പളത്തില്‍ നിന്നും നേരിട്ടടക്കുന്നു. പിന്നെ PF ല്‍ നിന്നും ലോണ്‍ എടുത്തതിന്റെ തിരിച്ചടവായി 15620 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ടടക്കുന്നു. 3000 രൂപ കഴിഞ്ഞ വര്‍ഷം ഓണത്തിന് മുന്‍കൂര്‍ നല്‍കിയതിന്റെ തിരിച്ചടവായി അടക്കുന്നു. അത് മാര്‍ച്ച് മാസത്തോടെ അവസാനിച്ചു കഴിഞ്ഞതുമാണ്. പിന്നെ 1250 രൂപ പ്രൊഫഷണല്‍ ടാക്സ് വര്‍ഷത്തില്‍ ആകെ 2 തവണ മാത്രം അടക്കേണ്ടതാണ്. പിന്നെ 1800 രൂപയോളം വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ വിഹിതമായി അടക്കുന്നു. ഇനിയാണ് പൂഴിക്കടകന്‍. അടിസ്ഥാന ശമ്പളത്തിന്റെ 6 ശതമാനം മാത്രം അടക്കേണ്ടുന്ന PF ലേക്ക് കേവലം 2700 രൂപ മാത്രം അടക്കേണ്ടയിടത്ത് 10000 രൂപയാണ് ഇദ്ദേഹം അടച്ചു കൊണ്ടിരിക്കുന്നത്. അതായത് 55590 രൂപ ലഭിക്കുന്ന ഇദ്ദേഹത്തിന് നിര്‍ബന്ധമായും വിവിധ നിക്ഷേപ പദ്ധതികളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലും ആയി ഒടുക്കാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നത് PF ലെ 2700 ഉം ഇന്‍ഷുറന്‍സ് പദ്ധതികളിലേക്കായി 1300 രൂപയും അടക്കം 4000 രൂപ മാത്രമാണ്. അതായത് 51590 രൂപയും സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന് കൈയില്‍ ലഭിക്കേണ്ടതാണ്. എന്നിട്ടും കേവലം 10900 രൂപ മാത്രം വാങ്ങുന്നത് സര്‍ക്കാരിന്റെ അല്ല മറിച്ച് അദ്ദേഹത്തിന്റെ മാത്രം കുഴപ്പമാണ്.

ഇതു തന്നെയാണ് മിക്കവാറും ബഹു ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും കാര്യം. ഇന്‍കം ടാക്സ് അടക്കാതിരിക്കുന്നതിനായും മറ്റു പല ആവശ്യങ്ങള്‍ക്കുമായി ആവശ്യത്തിലധികം തുക PF ലേക്ക് അടക്കുന്നവരാണ് മിക്കവാറും എല്ലാ സര്‍ക്കാര്‍ ജീവനക്കാരും. നിക്ഷേപമായ ആ തുക ഇവിടെ ശമ്പളത്തില്‍ നിന്നും മനപൂര്‍വ്വം കുറച്ച് തങ്ങള്‍ക്ക് ഇത്രയേ ഉള്ളൂ എന്ന് പറഞ്ഞ് ഇതിലെ സാങ്കേതികതകള്‍ മനസിലാവാത്ത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇനിയാണ് എന്റെ പോയിന്റ് ഞാന്‍ മുന്നോട്ട് വക്കുന്നത്. ഇങ്ങനെ വന്‍ തുക PF ലേക്ക് നിക്ഷേപമായി മാറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് ആ തുക സര്‍ക്കാരിന് കടമായി നല്‍കുന്നതില്‍ എന്ത് നഷ്ടമാണ് വരുന്നത്. പ്രചരിപ്പിക്കപ്പെടുന്ന ഈ ശമ്പള ബില്ലിലെ കാര്യം തന്നെ എടുത്താല്‍ ഈ ഉദ്യോഗസ്ഥന് 6 ദിവസത്തെ ശമ്പളം ആയ 9265 രൂപയാണ് അടുത്ത അഞ്ചു മാസത്തേക്ക് കുറവു വരുന്നത്. അദ്ദേഹം ഇപ്പോള്‍ PF ല്‍ അടക്കുന്ന 10000 നു പകരം നിര്‍ബന്ധമായും അടക്കേണ്ട 2700 ആക്കിയാല്‍ 7300 രൂപ അതില്‍ തന്നെ ലഭിക്കും. 3000 രൂപയുടെ തിരിച്ചടവ് ഫെബ്രുവരിയില്‍ അവസാനിച്ചതിനാല്‍ ആ തുകയും ഇനി അടക്കേണ്ടതില്ല. പ്രൊഫഷണല്‍ ടാക്സ് ഇനി സപ്തംബര്‍ മാസത്തില്‍ മാത്രമേ അടക്കേണ്ടതുള്ളൂ എന്നതിനാല്‍ 1250 രൂപയും അദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യേണ്ടതില്ല. ഫലത്തില്‍ സര്‍ക്കാര്‍ പിടിക്കുന്ന 9265 നു പകരം 11500 അദ്ദേഹത്തിനു കിട്ടും. ചുരുക്കത്തില്‍ ഇതുവരെ കേവലം 10921 രൂപ മാത്രം കൈയില്‍ കിട്ടിയിരുന്ന അദ്ദേഹത്തിന് ഇനി മുതല്‍ 13000 നുമേല്‍ കൈയില്‍ കിട്ടും. ലോണുകളിലേക്കുള്ള 30000 രൂപ തിരിച്ചടവ് കഴിഞ്ഞിട്ടും. (30000 രൂപ പ്രതിമാസം തിരിച്ചടവുള്ള ആ ലോണുകള്‍ സര്‍ക്കാരിന്റെയോ നാട്ടുകാരുടേയോ സേവനത്തിന് എടുത്തതിന്റെ ബാധ്യത അല്ല എന്നത് പ്രത്യേകിച്ച് പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല.സാമ്പത്തിക അച്ചടക്കം ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതാണ്. വരവിനനുസരിച്ച് ചെലവുകള്‍ ചുരുക്കാതിരുന്നാല്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് മറ്റുള്ളവരെ പഴിക്കാനാവില്ലല്ലോ) അതായത് നാട്ടിലെ ബഹുഭൂരിപക്ഷവും വേലയും കൂലിയും ഇല്ലാതെ ഇരിക്കുമ്പോള്‍ വേതനത്തില്‍ നിന്ന് കുറച്ച് തുക കുറച്ച് നാളത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരന്‍ ഈ കോവിഡ് കാലത്ത് ചെയ്യുന്നത്.

ഇങ്ങനെ തന്നെയാണ് ബഹുഭൂരിപക്ഷം ജീവനക്കാരുടേയും അവസ്ഥ. ഇതു കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് ജീവിത ചെലവുകള്‍ വളരെ കുറഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാവുന്നതല്ല. ചുരുക്കം പറഞ്ഞാല്‍ ഈ 6 ദിവസത്തെ ശമ്പളം പിടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരന് ഒരു നഷ്ടവും വരുത്തില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ ഇതുവരെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം കൈയില്‍ ലഭിക്കാനുള്ള സാധ്യതയും ഉണ്ട് എന്നതാണ് സത്യം. 6 മാസം കഴിയുമ്പോള്‍ ഈ പിടിച്ചു വച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. ഇതാണ് വാസ്തവം. ഇതിനാണ് കോടതിയും വ്യവഹാരവുമായി ചില സംഘടനകള്‍ പെടാപാട് പെടുന്നത്. ഈ ആവേശം ഇവര്‍ എല്ലാ മാസവും 10 ശതമാനം ശമ്പളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന NPS ജീവനക്കാരുടെ കാര്യത്തില്‍ കാണിക്കുന്നില്ലല്ലോ. ആ കാര്യത്തില്‍ ഇവര്‍ കോടതിയില്‍ ഇതുവരെ പോയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ. ഒരു സമരം നടത്തിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ. കേള്‍ക്കില്ല. കാരണം ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കില്‍ അതാണ് ഇവര്‍.

ഇനി സര്‍ക്കാര്‍ ജിവനക്കാരന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരന് ശമ്പളം നല്‍കുന്നത് നികുതി പണം കൊണ്ടാണ്. ശരിയാണ്. അത് പക്ഷേ ജീവനക്കാരന്റെ കുഴപ്പമല്ല. സര്‍ക്കാരിന് വേറെ വരുമാനമില്ലാത്തതിന് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ത് പിഴച്ചു. സര്‍ക്കാര്‍ ജീവനക്കാരന്‍ മറ്റ് ആരെപോലെയും ചെയ്ത ജോലിക്കുള്ള വേതനം തന്നെയാണ് സര്‍ക്കാരില്‍ നിന്നും പറ്റുന്നത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി അയാളുടെ ശമ്പളം വാങ്ങുമ്പോള്‍ ആ പണം എവിടെ നിന്ന് വന്നതാണ് എന്ന് നോക്കാറുണ്ടോ. ആ സ്ഥാപനത്തിന് നോട്ടടിക്കുന്ന പണിയൊന്നും കാണില്ലല്ലോ. അത് നാട്ടുകാരും ഒരു പക്ഷേ നാട്ടുകാരില്‍ ഉള്‍പെട്ട സര്‍ക്കാര്‍ ജീവനക്കാരും വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആ സ്ഥാപനത്തിന് നല്‍കിയ പണം തന്നെയാണ്. അതിന്റെ ഒരു എക്സ്റ്റന്റഡ് വെര്‍ഷന്‍ മാത്രമാണ് സര്‍ക്കാരും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടേയും സൗകര്യങ്ങളുടേയും ചെലവ് തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ വേതനമായി പറ്റുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാരുടെ പണം ചുമ്മാ കൈയിട്ട് വാരി നക്കുന്നവര്‍ എന്ന പരിഹാസം ആവര്‍ത്തിക്കരുത് എന്ന് മാത്രം അപേക്ഷിക്കുന്നു. ഞങ്ങള്‍ ആ അപമാനം അര്‍ഹിക്കുന്നവരല്ല എന്ന് മാത്രം പറയട്ടെ.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651