ഡയാലിസിസ് ചെയ്യുന്നവർക്ക് സ്‌നേഹസാന്ത്വനം പദ്ധതി

തൃശൂർ: ജില്ലയിലെ ഡയാലിസിസ് ചെയ്യുന്നവരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസാന്ത്വനം പദ്ധതി. 70 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന രോഗികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമാ യാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചത്. അപേക്ഷകൻ ബിപിഎൽ കുടുംബാംഗമോ, ചികിത്സാർത്ഥം ബിപിഎൽ സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിയോ ആയിരിക്കണം. ഒരു ഡയാലിസിസിന് 900 രൂപ വീതം ലഭിക്കും. ആഴ്ചയിൽ പരമാവധി മൂന്ന് ഡയാലിസിസിനാണ് ഈ സഹായം ലഭിക്കുക. ഗ്രാമപഞ്ചായത്ത് നിവാസികളായ ഗുണഭോക്താക്കൾക്കാണ് സ്‌നേഹസാന്ത്വനം പദ്ധതിയുടെ സഹായം ലഭിക്കുക. മെയ് 4 മുതൽ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം മെഡിക്കൽ ഓഫീസറുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളുടെയും ശുപാർശ സഹിതം മെയ് 11 ന് അതാത് പഞ്ചായത്തിൽ സമർപ്പിക്കണം. ഡയാലിസിസിന് ശേഷം ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന ബില്ല് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വഴി ബന്ധപ്പെട്ട ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക അനുവദിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മഞ്ജുള അരുണൻ, ജെന്നി ജോസഫ്, ദീപ എസ് നായർ, മുൻ പ്രസിഡണ്ട് ഷീല വിജയകുമാർ, വേണുഗോപാല മേനോൻ, സെക്രട്ടറി കെ ജി തിലകൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജെ റീന തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.