1470-490

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല


തൃശൂർ ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന് ജില്ലാതല യോഗത്തിന്റെ തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ക്രഷറുകൾ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിച്ചുകൂട്ടിയത്.
ലോക് ഡൌൺ ഇളവുകൾക്ക് അനുസൃതമായി നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്വാറി ഉൽപ്പന്നങ്ങൾ അത്യാവശ്യമെന്നിരിക്കെ, ക്വാറി ഉടമകൾ അമിത വില ഈടാക്കുന്നുവെന്ന ബിൽഡർമാരുടെയും കരാറുകാരുടെയും പരാതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ക്രഷറുകളിൽ നിന്നും സംഭരിച്ച ഉൽപ്പന്നങ്ങൾ വില കൂട്ടി സ്റ്റോക്കിസ്റ്റുകൾ വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോഡ് എടുത്തു കൊണ്ടു പോകുന്ന വാഹന ഉടമകളും ഉൽപ്പന്നങ്ങൾ അമിത വിലയ്ക്ക് പുറത്തു വിൽക്കുന്നുവെന്ന പരാതിയുമുണ്ട്. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി താക്കീത് നൽകി.
മഴക്കാലപൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന ലൈഫ്, പുനർഗേഹം പദ്ധതികൾക്കൊപ്പം തന്നെ സ്വകാര്യ വ്യക്തികൾക്കും ക്വാറി ഉൽപ്പന്നങ്ങൾ കൂടുതൽ ആവശ്യമായി വരുന്നു. ഇതിനനുസൃതമായി ജില്ലയിലെ ക്രഷറുകൾ ഉൽപ്പന്നങ്ങൾക്ക് ഒരു വില നിശ്ചയിക്കണമെന്നും ഓരോ മേഖലയിലും വില ഏകീകരിച്ച് സാധനങ്ങൾ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
ക്രഷർ സൈറ്റുകളിൽ അനിയന്ത്രിതമായി ടോറസുകൾ, ടിപ്പറുകൾ, ലോറികൾ എന്നിവയുടെ വരവും നിയന്ത്രിക്കും. ഒരു ദിവസം നൽകാവുന്ന ലോഡ് അനുസരിച്ച് മാത്രമേ വാഹനങ്ങൾ ഈ സൈറ്റുകളിൽ വരാൻ പാടുകയുള്ളൂ.
ജില്ലാഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് തന്നെ ഉൽപ്പന്നങ്ങൾ നൽകാൻ സഹകരിക്കുമെന്ന് ക്വാറി ഉടമകൾ പറഞ്ഞു. കോവിഡ് 19ന് മുൻപ് നൽകിയ ബില്ലും ഈ ദിവസങ്ങളിൽ നൽകുന്ന ബില്ലും താരതമ്യം ചെയ്ത് അതിൽ കൂടുതലായി വാങ്ങിയ വില ഉണ്ടെന്ന് കണ്ടാൽ കൂട്ടി വാങ്ങിയ വില തിരിച്ചു നൽകാൻ തയ്യാറാണെന്നും ക്വാറി ഉടമകൾ മന്ത്രിയെ അറിയിച്ചു.
ക്രഷറുകളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ജോലികളിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും രോഗലക്ഷണങ്ങൾ ഇല്ല എന്ന സാക്ഷ്യപത്രം വാങ്ങുകയും സൈറ്റുകളിൽ ഇവരുടെ ശരീര താപനിലയും മറ്റും രേഖപ്പെടുത്തുകയും വേണം. ഇതിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ക്വാറികളെല്ലാം പ്രവർത്തനിരതമാകുന്നതിനാൽ ആവശ്യത്തിനുള്ള ക്രഷർ ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് തന്നെ ലഭ്യമാക്കുമെന്നും ക്രഷർ ഉടമകൾ മന്ത്രിയെ അറിയിച്ചു.
കൂടുതൽ നടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും വാഹന ഉടമകളുടെയും ആർടിഒ, പോലീസ് ജിയോളജിസ്റ്റ് തുടങ്ങിയവരുടെയും യോഗം കളക്ടറുടെ ചേമ്പറിൽ ചേരുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ബിൽഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ക്വാറി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.