ചാവക്കാട് നഗരസഭാ പ്രദേശം ഇനി സമ്പൂർണ തരിശുരഹിതം

ചാവക്കാട് നഗരസഭാ പ്രദേശം സമ്പൂർണ തരിശു രഹിത മേഖലയാക്കുന്നു. നഗരസഭാ ചെയർമാൻ എൻ. കെ അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ചാവക്കാട് കൃഷിഭവന്റെ കാർഷിക വികസന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഓരോ ഡിവിഷൻ പ്രദേശത്തുമുള്ള തരിശു നിലങ്ങളുടെ സർവ്വേ നടത്തും. ഇതിനായി അതത് വാർഡ് കൗൺസിലർമാരുടെയും കർഷകരുടെയും സഹായം തേടും.
നിലമുടമകൾക്ക് വിശദമായ നോട്ടീസ് നൽകും. കൃഷി ഇറക്കാൻ സന്നദ്ധരാവാത്ത നിലമുടമകളുടെ കൃഷിയിടം ഏറ്റെടുത്തു പാടശേഖര സമിതി, കുടുംബശ്രീ എന്നിവ മുഖേന കൃഷിയിറക്കും. തരിശു നിലങ്ങളിൽ നെൽകൃഷി ചെയ്യാൻ തയ്യാറാവുന്ന കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാനും പദ്ധതിയുണ്ട്. ഹെക്ടറിന് 17000 രൂപ കൂലിച്ചെലവ് സബ്സിഡിയായും 32 കിലോഗ്രാം നെൽവിത്ത് സൗജന്യമായും നൽകും. ജൈവവളം, കുമ്മായം എന്നിവയ്ക്ക് 75% ധനസഹായം, തരിശുനില വികസന പദ്ധതിയിൽ ഹെക്ടറിന് 25000 രൂപയുടെ ധനസഹായവും, സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഹെക്ടറിന് 5500 രൂപ ധനസഹായവും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. കൂടാതെ ഉല്പാദന ബോണസ് ആയി ഹെക്ടറിന് 1000 രൂപയും കിട്ടും.
പ്രകൃതി ക്ഷോഭം മൂലം വിള നാശം സംഭവിച്ചാൽ കർഷകർക്ക് നഷ്ടം സംഭവിക്കാതെ നോക്കാനുള്ള നടപടികൾ സ്വീകരിക്കും. പൂർണമായ നാശം സംഭവിച്ചാൽ ഹെക്ടറിന് 13500 രൂപ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ ഹെക്ടറിന് 250 എന്ന കുറഞ്ഞ പ്രീമിയം നിരക്കിൽ സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ നിലങ്ങൾ ഉൾപ്പെടുത്തും. ഇൻഷുർ ചെയ്ത നെൽകൃഷിക്ക് നാശം സംഭവിച്ചാൽ നഷ്ട പരിഹാരമായി ഹെക്ടറിന് 35000 രൂപ കർഷകന് ലഭിക്കും.
ചാവക്കാട് നഗരസഭാ പരിധിയിൽ തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ മെയ് 20 ന് മുമ്പായി കൃഷി ഭവൻ ഓഫീസിൽ അറിയിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ എൻ. കെ അക്ബർ അറിയിച്ചു.
Comments are closed.