1470-490

സഞ്ചരിക്കുന്ന ലൈബ്രറിയുമായി വനം വകുപ്പ്

ആദിവാസി ഊരുകളിൽ
സഞ്ചരിക്കുന്ന ലൈബ്രറിയുമായി വനം വകുപ്പ്
ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാനും വിജ്ഞാനവും വിനോദവും പകരാനും വാഴച്ചാൽ വനം ഡിവിഷനിലെ ആദിവാസി ഊരുകളിലേക്ക് വനം വകുപ്പിന്റെ സഞ്ചരിക്കുന്ന ലൈബ്രറി എത്തി. കേരള വനംവകുപ്പിന്റെ വാഹനത്തിലാണ് മുതിർന്നവർക്കും വിദ്യാർഥികൾക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന അക്ഷര വണ്ടി എത്തിച്ചേർന്നത്. വാഴച്ചാൽ വനം ഡിവിഷനിലെ ആദിവാസി ഊരുകളിലേക്ക് ആഴ്ച്ചയിലൊരിക്കലാണ് ഈ പുസ്തകവണ്ടിയെത്തുക. കഥ, നോവൽ, കവിത, ബാലസാഹിത്യം, പി.എസ്.സി. പഠനം, തുടങ്ങി വിവിധ വിഷയങ്ങളിൽ 3000ൽ അധികം പുസ്തകങ്ങൾ സഞ്ചരിക്കുന്ന ലൈബ്രറിയിലുണ്ട്.
അറിവിന്റെ ലോകത്തേക്ക് വളർന്നുവരുന്ന ആദിവാസി ഊരുകളിലെ കുട്ടികൾക്കു ആദ്യമായി ലഭിച്ച ഈ സംവിധാനം ഏറെ ആത്മവിശ്വാസം പകരുന്നതായി ഊരിലെ പ്ലസ് ടു വിദ്യാർഥിനിയായ സീന പറഞ്ഞു. ഇത്തരത്തിൽ പുസ്തകങ്ങൾ ലഭിക്കുന്നതിലൂടെ പഠനം മെച്ചപ്പെടുത്താൻ കഴിയുമെന്നും സീന പറഞ്ഞു. പുസ്തകങ്ങൾ കിട്ടാത്തത് മൂലം മുടങ്ങിപ്പോയ പി.എസ്.സി. പഠനവും ഇതിലൂടെ സാധ്യമാകും എന്നും അവർ പറഞ്ഞു. കേരള വനംവകുപ്പിന്റെ വാഹനത്തിൽ വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദിന്റെ നേതൃത്വത്തിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ട്രൈബൽ വായനശാലയിൽ ശേഖരിച്ചിരിക്കുന്ന പുസ്തകങ്ങൾ ആദിവാസി ഊരുകളിൽ എത്തിച്ച് അവർക്കു നൽകി ഒരാഴ്ചക്ക് ശേഷം അവിടെ ചെന്ന് കൊടുത്ത പുസ്തകങ്ങൾ തിരിച്ചു വാങ്ങി പുതിയവ കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീ വിനോദ് അറിയിച്ചു. നല്ല പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള ആദിവാസികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണ് സഞ്ചരിക്കുന്ന ഈ അക്ഷര വണ്ടി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651