1470-490

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകും

ലോക് ഡൗണിന് ശേഷം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന്
മുൻഗണന നൽകും

ലോക് ഡൗണിനു ശേഷം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ഉല്പാദനത്തിനായിരിക്കും മുൻഗണന. ഇതനുസരിച്ച് മാസ്‌ക്, സാനിറ്റൈസർ, ബെഡ് ഷീറ്റ്, ആശുപത്രി ഉപകരണങ്ങൾ എന്നിവ ഉത്പാദിപ്പിക്കും. ലോക് ഡൗണിനു ശേഷം വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തൊഴിൽ പരമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നടത്തിയ പ്രാഥമിക ഘട്ട കൂടിയാലോചനയിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി വീഡിയോ കോൺഫറൻസിങ് വഴിയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
ലോക് ഡൗണിനു ശേഷം വ്യാവസായിക സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലസൗകര്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ജോലിക്ക് ഹാജരാകുന്നവർക്ക് മാത്രം മുഴുവൻ ശമ്പളം നൽകുന്ന കാര്യം യോഗത്തിൽ ചർച്ചയായി. തുറന്ന് പ്രവർത്തിക്കുന്ന വ്യവസായ ശാലകൾക്ക് ശനി, ഞായർ മുടക്കുകൾ ബാധകമായിരിക്കില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് വ്യവസായിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്പിന്നിങ് മിൽ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജിന് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.

Comments are closed.