1470-490

ജൈവകൃഷിയോടെന്താണ് എതിർപ്പ്?

മനുഷ്യൻ കൃഷി തുടങ്ങിയിട്ട് 10000 വർഷങ്ങളായി. അന്നുമുതൽ ജൈവരീതിയിൽ തന്നെയാണ് കൃഷി. രോഗങ്ങളും ദാരിദ്രവും മഹാമാരികളും ചേർന്ന് ജനസംഖ്യ എന്നും ഏതാണ്ട് ഒരു നിശ്ചിതപരിധിയ്ക്കപ്പുറം പെട്ടെന്ന് ഉയരാതെ നിലനിന്നുപോന്നു. വ്യാവസായികവിപ്ലവവും ആധുനികശാസ്ത്രത്തിലും വൈദ്യശാസ്ത്രരംഗത്തും സാങ്കേതികവിദ്യയിലും നേടിയ അറിവുകളും കുതിച്ചുചാട്ടവും കാരണം നൂറ് നൂറ്റമ്പതുവർഷങ്ങളായി ജനസംഖ്യയും ആയുസ്സും വല്ലാതെ കൂടിക്കൂടിവന്നു. നൂറ്റമ്പതുവർഷം മുമ്പ് ഇന്നത്തേതിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള കാലത്ത് ഭൂരിഭാഗം ജനങ്ങളും പട്ടിണിയിൽ ആയിരുന്നു.

പിന്നീട് അന്തരീക്ഷവായുവിൽനിന്നും നൈട്രജൻ വേർതിരിച്ചെടുക്കാൻ ശാസ്ത്രത്തിനുകഴിഞ്ഞു. ഖനികളിൽ നിന്നും ഫോസ്ഫേറ്റുകളും പൊട്ടാഷും കുഴിച്ചെടുത്തു. ഹരിതവിപ്ലവം വന്നു. അതുവരെ അമേരിക്കയിൽ നിന്നും കപ്പലിൽ ഗോതമ്പ് എത്തിയില്ലെങ്കിൽ പട്ടിണിമരണം മുന്നിൽക്കണ്ട മൂന്നാം ലോകരാജ്യങ്ങളുടെ വിശപ്പുമാറി. സ്വാതന്ത്ര്യം കിട്ടുമ്പോൾ മുഴുപ്പട്ടിണിക്കാരായ 36 കോടി ആൾക്കാരിൽ നിന്നും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്ന് വിളവെടുപ്പുസമയമാകുമ്പോൾ FCI ഗോഡൗണുകളിൽ സ്ഥലമില്ലാതെ ധാന്യം മുഴുവൻ പൗരന്മാർക്ക് നൽകിക്കൊണ്ടിരിക്കുന്നു.
ഇതെല്ലാം ശാസ്ത്രീയമായി രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷിയിറക്കിയതിൽക്കൂടി ഉണ്ടായ നേട്ടങ്ങളാണ്.

ആര് ജൈവകൃഷി ചെയ്യുന്നതിനും ഞങ്ങളാരും എതിരല്ല. വാങ്ങാൻ ആളുണ്ടെങ്കിൽ അത് ഏതുവിലയ്ക്കും വിൽക്കുന്നതിനും എതിരല്ല. എന്നാൽ സാധാരണക്കാരന്റെ പട്ടിണിമാറ്റാൻ അതിനാവും എന്നും പറഞ്ഞുകൊണ്ട് ഈവഴി വരരുത്. ഇനി അതിനു സാധിക്കുമെങ്കിൽ ഒരു നൂറേക്കർ സ്ഥലത്ത് തുടർച്ചയായി ഒരു പത്തുവർഷം മികവോടെ ശാസ്ത്രീയകൃഷിയിൽ നിന്നും ലഭിക്കുന്നത്ര വിളവ് ഉണ്ടാക്കിക്കാണിച്ചുതരിക. സാധാരണവിലയിൽ ഉൽപ്പന്നം വിപണിയിലും എത്തിക്കുക. എങ്കിൽ ഞങ്ങൾ അതിനെ നൂറുമനസ്സോടെ സ്വാഗതം ചെയ്യും . എത്രമാത്രം പണമാണ് രാസവളത്തിനായി നമ്മൾ ചെലവാക്കുന്നത്, അതും ലാഭമായല്ലോ. അവനവന്റെ ആവശ്യത്തിന് ജൈവകൃഷി ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ രാജ്യത്തിനുമൊത്തമായി ചെയ്യുമ്പോൾ ഇവിടുത്തെ ഭക്ഷ്യോൽപ്പാദനത്തിൽ കുറവുവരരുത്. കൂടിയവിലയ്ക്ക് വിൽക്കുകയുമരുത്. അതാണ് ഒന്നാം നമ്പർ കാര്യം. ബാക്കിയെല്ലാം പിന്നീടേ വരികയുള്ളൂ.

വിശപ്പ് വലിയ പ്രശ്നമാണ് ചങ്ങാതിമാരേ. ഭക്ഷ്യസുരക്ഷ അതിപ്രധാനവും. അതിന്റെയൊക്കെ മുന്നിൽ ഈ ധാന്യത്തിൽ ഉണ്ടെന്ന് നിങ്ങൾ പറയുന്ന പെസ്റ്റിസൈഡ് റെസിഡ്യൂവൊന്നും ഞങ്ങൾക്കൊരു പ്രശ്നമേയല്ല.

വിനയരാജ് വി ആർ

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Comments are closed.