1470-490

പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി കയ്പമംഗലം

തിരിച്ചു വരുന്നത് 4839 പേർ
പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധമായി കയ്പമംഗലം നിയോജക മണ്ഡലം. ഇവർക്കുള്ള എല്ലാ സൗകര്യവും മണ്ഡലത്തിൽ പൂർത്തീകരിച്ചതായി എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അറിയിച്ചു. നിലവിൽ 25000 പ്രവാസികളാണ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലുമായുള്ളത്. 4839 പേരാണ് തിരിച്ചുവരാൻ താല്പര്യം പ്രകടിപ്പിച്ചത്. ഇതിൽ 3954 പേർ വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമുള്ളവരാണ്. 3900 ആളുകൾ സ്വന്തം വീടുകളിലും 54 പേർ ബന്ധുവീടുകളിലും നിരീക്ഷണത്തിലിരിക്കും. ബാക്കിയുള്ള പ്രവാസികൾക്ക് അതത് പഞ്ചായത്തുകളുടെ കീഴിൽ നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാവിധത്തി ആധുനിക സൗകര്യങ്ങളും ഈ നിരീക്ഷണ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ആഴ്ചകൾക്ക് മുമ്പേ തന്നെ ഇവയെല്ലാം അണുവിമുക്തമാക്കി സജ്ജീകരിച്ചിട്ടുണ്ട്. 1200 ഓളം കിടക്കകളാണ് മണ്ഡലത്തിൽ തയ്യാറായിട്ടുള്ളത്. വീടുകളും ഫ്‌ലാറ്റുകളും വിട്ടു നൽകിയവരുടെ കണക്കിന് പുറമെയാണിത്. എറിയാട്- 689, എടവിലങ്ങ്- 1717, ശ്രീനാരായണപുരം- 520, മതിലകം -530, പെരിഞ്ഞനം- 394, കയ്പമംഗലം- 709, എടത്തിരുത്തി-800 എന്നിങ്ങനെയാണ് ഏഴ് പഞ്ചായത്തുകളിലായി മടങ്ങി വരാൻ സന്നദ്ധത അറിയിച്ച പ്രവാസികളുടെ എണ്ണം. സംസ്ഥാന സർക്കാർ പ്രവാസികളുടെ തിരിച്ചുവരവിനായി പഞ്ചായത്തുകൾ തോറുമുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതിൽ പ്രകാരം ലഭിച്ച കണക്കാണിത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും സർവേ പൂർത്തിയായി. ആശാവർക്കർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ മുഖേനയായിരുന്നു സർവ്വേ.

Comments are closed.