1470-490

കുടിവെള്ളത്തിലെ മാലിന്യം പ്രശ്നം പരിഹാര നടപടിയുമായി നഗരസഭ.

പൊന്നാനി: നഗരസഭ പ്രദേശത്ത് ജല അതോറിറ്റി വഴി വിതരണം ചെയ്യുന്ന
കുടിവെള്ളം മലിനമാണെന്ന പരാതിയുടെ സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം നഗരസഭയിൽ വിളിച്ചു ചേർത്തു. പൊന്നാനി നഗരസഭയുടെ സ്റ്റിയറിംഗ് കമ്മറ്റി തീരുമാനപ്രകാരം ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയാണ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റൻ്റ് എഞ്ചിനീയറും ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചത്.
പൊതുജനങ്ങളുടെ പരാതിയിൽ അടിയന്തിരമായി പരിഹാരം കാണാൻ യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ സെക്രട്ടറി ആർ.പ്രദീപ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് തുടങ്ങിയവർ നരിപ്പറമ്പിലെ പമ്പിംഗ് സ്റ്റേഷൻ
സന്ദർശിച്ചു. പുതിയതായി ആരംഭിക്കുന്ന ജല ശുദ്ധീകരണ പ്ലാൻ്റ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള എക്കൽ മണ്ണ് പമ്പിംഗ് സ്റ്റേഷനുടുത്ത് കൂട്ടിയിട്ടതാണ് വെള്ളത്തിൽ ചെളി കലരാനുള്ള കാരണമെന്ന് കണ്ടെത്തി. ജലവിതരണ സമയക്രമം സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം മാധ്യമങ്ങൾ വഴി അറിയിക്കുന്നതിൽ ജല അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള വീഴ്ച ആവർത്തിക്കരുതെന്നും നിർദ്ദേശിച്ചു. ലോക് ഡൗൺ കാലത്ത് ജല അതോറിറ്റി അധികൃതർ നിരുത്തരവാദിത്വം കാണിക്കുന്നുവെന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭയുടെ അടിയന്തിര ഇടപെടലുണ്ടായത്.
പ്രശ്നങ്ങൾ പരിഹരിച്ച് ജലവിതരണം സാധാരണ ഗതിയിൽ പുന:രാരംഭിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651