1470-490

അതിജീവനത്തിന്റെ കൃഷിപ്പെരുമയുമായി വിമുക്തഭടൻ

വിശ്വനാഥനും ഭാര്യയും കൃഷിയിടത്തിൽ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: അതിജീവനത്തിന്റെ മുദ്രാവാക്യമാണ് ജയ് ജവാൻ_ ജയ് കിസാൻ. പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെയും രാജ്യത്തെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയാണ് 1965ൽ ദൽഹി രാംലീല മൈതാനിയിൽ ഈ ആശയം ഉയർത്തിപ്പിടിച്ചത്. ഇന്ത്യയുടെ ഭാവി, സൈനികരുടെയും കർഷകരുടെയും കൈയിൽ ഭദ്രമാണെന്ന സന്ദേശമാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയത്. കടുത്ത വേനൽച്ചൂടിലും കോവിഡെന്ന മഹാമാരിയുടെ ദുരിതകാലത്ത് ശാസ്ത്രിയുടെ ആ ആശയത്തെ കാർഗിൽ പോരാളിയും സുബേദാർ മേജർ ഹോണററി ക്യാപ്റ്റനുമായിരുന്ന പി. എം.വിശ്വനാഥനും, ഭാര്യ ആർ.ജി സജിതയും കാർഷിക ജീവിതത്തിലൂടെ അർത്ഥപൂർണമാക്കുകയാണ്. അരിക്കുളം ഏക്കാട്ടൂർ മമ്മിളിത്താഴെ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ ഭൂമിയിലാണ് ഈ ദമ്പതികൾ ജൈവകൃഷിയിറക്കി നാടിന് മാതൃകയാവുന്നത്. പാവൽ, പടവലം, വെണ്ട, മീറ്റർ പയർ, പച്ചമുളക്, കാന്താരി, വെള്ളരി, കക്കിരി, പീച്ചിങ്ങ, ചീര, ചേന, ചേമ്പ്, കോവൽ തുടങ്ങി ഇരുപതോളം പച്ചക്കറികളാണ് കൃഷിയിടത്തിൽ വിളയുന്നത്. ഒരേക്കർ സ്ഥലത്ത് അത്യുൽപാദന ശേഷിയുള്ള എം.നാല് കപ്പ കൃഷിയാണ്. ആറു മാസം കൊണ്ട് വിളവെടുക്കുന്ന നാടൻ കപ്പത്തോട്ടവും കൃഷിയുടെ മാറ്റുകൂട്ടുന്നു. ഒരു തടത്തിൽ നിന്നും 125 മുതൽ 150 കിലോ വരെ വിളവ് ലഭിക്കുന്ന സുമോ കപ്പയുടെ കൃഷിയും പ്രാഥമിക ഘട്ടത്തിലാണ്. വിവിധയിനം വാഴകളും കൃഷിയിടത്തിലുണ്ട്. ജൈവ കൃഷിയിലൂടെ ആവശ്യക്കാർക്ക് വിഷരഹിത ഭക്ഷ്യ വസ്തുക്കൾ നൽകുന്നതിലൂടെ കിട്ടുന്ന മാനസിക സംതൃപ്തിയാണ് തങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്നും വിശ്വനാഥൻ പറയുന്നു.
ജൈവകൃഷി ആയതിനാൽ ആവശ്യക്കാർ ഏറെയാണ്. പേരാമ്പ്ര, തെരുവത്ത് കടവ്, കാവുന്തറ, പള്ളിയത്ത് കുനി എന്നിവിടളിൽ നിന്നും കച്ചവടക്കാർ നേരിട്ടെത്തി പച്ചക്കറികൾ വാങ്ങുന്നുണ്ട്. അയൽ വാസികൾക്ക് സൗജന്യമായി നൽകുന്നുമുണ്ട്. കർഷക കുടുംബാംഗമായതിനാൽ ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ പ്രായോഗിക അറിവുകൾ നേടിയിരുന്നു. സൈനിക സേവന കാലത്തും കൃഷിയോടുള്ള താൽപര്യം കൈവിട്ടില്ല. കശ്മീരിലെ വാദി ബ്രഹ്മണയിലും ബാഗ്ളുരുവിലെ വിവേക് നഗർ സൈനിക കേന്ദ്രത്തിലും വിശ്വനാഥനും ഭാര്യയും പച്ചക്കറികൾ കൃഷി ചെയ്തിരുന്നു. കുടുംബ സ്വത്ത് ഭാഗിച്ചു കിട്ടിയ സ്ഥലത്ത് വീടു നിർമാണം തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നം മൂലം അനുവാദം ലഭിച്ചിട്ടില്ല. വയൽകൃഷിക്കനുയോജ്യമായ ഭൂമിയല്ലാതിരുന്നിട്ടു കൂടി പ്രാദേശികമായ എതിർപ്പ് മൂലം വീടു പണി തടസ്സപ്പെട്ടിരിക്കയാണിപ്പോൾ. 33 വർഷം സൈനിക സേവനമനുഷ്ടിച്ച തനിക്കും കുടുംബത്തിനും സ്ഥിരമായി വീടില്ലാത്തത് ഈ കുടുംബത്തെ അലട്ടുന്നുണ്ട്. താൽക്കാലിക ഷെഡിലാണ് ഉറക്കവും കൃഷി ഉപകരണങ്ങൾ സൂക്ഷിക്കുന്നതും. ഭൂമി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വനാഥനിപ്പോൾ. മത്സ്യ കൃഷി തുടങ്ങാനും ആലോചനയുണ്ട്. വിവിധ ആവശ്യങ്ങൾക്ക് കൃഷിഭവനുമായി നിരന്തരം ബന്ധപ്പെടാറുണ്ടെങ്കിലും സഹായമൊന്നും ലഭിക്കാറില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു.
വിശ്വനാഥനെ 2005 ൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാം പ്രശംസാപത്രം നൽകി ആദരിച്ചിരുന്നു. പാക്കിസ്താനെതിരെയുള്ള ഓപറേഷൻ ബ്ളൂ സ്റ്റാർ, ഓപറേഷൻ വിജയ് (കാർഗിൽ), ഓപറേഷൻ രക്ഷക് (കശ്മീർ), ഓപറേഷൻ പരാക്രം, ഐ പി കെ എഫ് (ശ്രീലങ്ക), ഓപറേഷൻ ഓർക്കിഡ് (നാഗാലാന്റ്) എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1982 ൽ സൈന്യത്തിൽ ശിപായി ആയാണ് നിയമനം. 2015 സുബേദാർ മേജറായി സേവനമവസാനിപ്പിച്ചു. അധ്യാപികയായിരുന്ന ഭാര്യ ആർ.ജി.സജിത വിശ്വനാഥനൊപ്പം കൃഷിയിൽ സജീവമാണ്. കോട്ടൂർ നരയംകുളം സ്വദേശിയാണ്. കശ്മീർ ഉദമ്പൂർ ആർമി പബ്ലിക്ക് സ്കൂൾ, ഉദമ്പൂർ കേന്ദ്രീയ വിദ്യാലയം, ജമ്മു ബാദി ബ്രാഹ്മിണ സെന്റ് ജോസഫ് എച്ച് എസ് , ബാംഗുളുരു കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. വിദ്യാർത്ഥികളായ വിപുൽ വിശ്വനാഥ്, അഖില എന്നിവർ മക്കളാണ്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124