1470-490

കുടിവെള്ള വിതരണ കരാർ റദ്ദാക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ.

ഗുരുവായൂർ: സ്വകാര്യ വ്യക്തിയുടെ ജല ചൂഷണത്തെ സഹായിക്കുന്ന നഗരസഭയുടെ കുടിവെള്ള വിതരണ കരാർ റദ്ദാക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ. വാട്ടർ അതോറിറ്റിയെ ഒഴിവാക്കുന്നതിനായി കൗൺസിലിൽ തെറ്റായ വിവരങ്ങൾ നൽകിയ ഹെൽത്ത് സൂപ്പർവൈസർക്കെതിരെ നടപടി വേണമെന്നും കൗൺസിലർമാർ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.  വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം വാങ്ങാത്തതിന് കാരണം വില കൂടുതലാണെന്നതും ആവശ്യമായി തോതിൽ കിട്ടുന്നില്ലെന്നുമാണ് സൂപ്പർവൈസർ കൗൺസിലിൽ അറിയിച്ചതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ വെള്ളത്തിനായി നഗരസഭ അതോറ്റിയെ ഈ വർഷം സമീപിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് യാഥാർഥ്യമെന്ന് വ്യക്തമായി. അമിതമായ ജലമൂറ്റലിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്ന ചൊവ്വല്ലൂർപ്പടി മേഖലയിലെ കുഴൽ കിണറിൽ നിന്നാണ് നഗരസഭ വെള്ളമെടുക്കുന്നത്. ഈ വ്യക്തിയുടെ ലോറിയിൽ വെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷങ്ങളുടെ ചിലവും വരുന്നുണ്ട്. ഇതിനെ ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥ ലോബി വാട്ടർ അതോറിറ്റിയെ തള്ളിപ്പറഞ്ഞത്.  കോവിഡിൻറെ പശ്ചാത്തലത്തിൽ പല തദ്ദേശ സ്ഥാപനങ്ങൾക്കും വാട്ടർ അതോറിറ്റി സൗജന്യമായാണ് കുടിവെള്ളം നൽകുന്നത്. വിലക്ക് നൽകുന്നത് 5000 ലിറ്ററിന് 300 രൂപ എന്ന നിരക്കിലാണ്. സ്വകാര്യ വ്യക്തിയുമായുള്ള ടാങ്കർ ലോറി ഇടപാടിലും നഗരസഭക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ വ്യക്തിയുമായുള്ള കരാർ റദ്ദാക്കി വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് 17 കൗൺസിലർമാർ ഒപ്പിട്ട പരാതിയിൽ ആവശ്യപ്പെട്ടു

Comments are closed.