1470-490

രാജ്യാന്തര വിദ്യാർത്ഥികൾക്ക് വിക്ടോറിയൻ സർക്കാരിൻ്റെ സാമ്പത്തിക സഹായം.

ഓസ്ട്രേലിയ:കൊറോണവൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാക്കേജുമായി വിക്ടോറിയൻ സർക്കാർ. അടിയന്തര സഹായമായി 1,100 ഡോളര്‍ വരെ നൽകുമെന്നും വിദ്യാഭ്യാസമന്ത്രി മാര്‍ട്ടിന്‍ പകുല  പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ താത്കാലിക വിസയിലുള്ളവർക്കും സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ തീരുമാനം.

വിക്ടോറിയയിലെ യൂണിവേഴ്‌സിറ്റികളിലും, TAFE, സ്വകാര്യ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലും പഠിക്കുന്ന രാജ്യാന്തര  വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.ആകെ ഒന്നര ലക്ഷത്തോളം രാജ്യാന്തര വിദ്യാര്‍ത്ഥികളുള്ള സംസ്ഥാനത്ത് 40,000ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തൽ.

സ്റ്റഡി മെല്‍ബണ്‍ സ്റ്റുഡന്റ് സെന്റര്‍  വഴിയാകും ഈ സഹായം നല്‍കുക. യൂണിവേഴ്‌സിറ്റികളുടെ ഹാര്‍ഡ്ഷിപ്പ് ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായവും ഇതോടൊപ്പം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഈ ഒറ്റത്തവണ സഹായത്തിനു പുറമേ, വിക്ടോറിയന്‍ സര്‍ക്കാരിന്റെ വാടക ഇളവുകള്‍ക്കും രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ അര്‍ഹരാണ്. 2,000 ഡോളര്‍ വരെ ഇതിലൂടെ സബ്‌സിഡിയായി ലഭിക്കും.

45 മില്യണ്‍ ഡോളറാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എമര്‍ജന്‍സി റിലീഫ് ഫണ്ടില്‍ വകയിരുത്തിയിരിക്കുന്നത്. ഒറ്റത്തവണ സഹായമായാണ് ഇത് നല്‍കുകയെന്നും, കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് അധികസഹായം ലഭ്യമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് രാജ്യാന്തര വിദ്യാര്‍ത്ഥികളെന്നും, തൊഴില്‍ രംഗത്തും, സാമ്പത്തിക രംഗത്തും, സാമൂഹിക രംഗത്തും അവര്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും വിദ്യാഭ്യാസമന്ത്രി. സാമ്പത്തിക  പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1,100 ഡോളര്‍  വരെയായിരിക്കും അടിയന്തര സഹായമായി നല്‍കുകയെന്ന് വിദ്യാഭ്യാസമന്ത്രി മാർട്ടിൻ പകുല ചൂണ്ടിക്കാട്ടി.

തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍  സഹായിക്കുന്ന വര്‍ക്കിംഗ് ഫോര്‍ വിക്ടോറിയ പദ്ധതിയും രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്റ്റഡിമെല്‍ബണ്‍ വെബ്‌സൈറ്റില്‍ നിന്ന് ഇതിന്റെ  കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം. 

സൗത്ത് ഓസ്‌ട്രേലിയ,ടാസ്‌മേനിയ,ACT തുടങ്ങിയ സംസ്ഥാനങ്ങളും മുൻപേ രാജ്യാന്തര വിദ്യാർത്ഥികൾക്ക്‌ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
സൗത്ത് ഓസ്ട്രേലിയൽ
13.8 മില്യണ്‍ ഡോളറിന്റെ പാക്കേജും, ടാസ് മേനിയയിൽ മൂന്നു മില്യണ്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.4.5 ലക്ഷം ഡോളറാണ് രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കായും താല്‍ക്കാലിക വിസയിലുള്ളവര്‍ക്കായും ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
ഫെഡറല്‍ സര്‍ക്കാരിന്റെ ജോബ്കീപ്പര്‍, ജോബ്‌സീക്കര്‍ പദ്ധതികള്‍ ലഭിക്കാത്തവര്‍ക്കായാണ് ഈ സഹായം നല്കുക.

Comments are closed.