1470-490

പുനരുജ്ജീവന പദ്ധതി

ലോക്ക്‌ഡൗണിനുശേഷം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി. സാമ്പത്തികം, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണ്ടായ തിരിച്ചടികൾ മറികടക്കാനാണ്‌ സത്വര നടപടി. അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ചചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കാൻ വകുപ്പ്‌ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ ആദ്യ മൂന്നുമാസംമാത്രം മൂലധനരംഗത്ത്‌ 80,000 കോടിരൂപയുടെ നഷ്‌ടമുണ്ടാകുമെന്നാണ്‌ വിദഗ്‌ധരുടെ കണക്ക്‌. ആവശ്യമായ കേന്ദ്രപിന്തുണ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പുനരുജ്ജീവന പദ്ധതി‌. ഓരോ വകുപ്പിന്റെയും വിവരങ്ങൾ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്ക് രൂപം നൽകും. ഇതിനുപുറമെ ആസൂത്രണ ബോർഡ് മറ്റൊരു വിശദമായ പഠനം നടത്തും.

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നത്‌ തടയാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക ഇടപെടലുണ്ടാകും. ആശുപത്രികളിലും എല്ലാ മെഡിക്കൽ കോളേജുകളിലും തിരക്കേറി.

രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇവിടങ്ങളിൽ ശാരീരിക അകലവും മറ്റു സുരക്ഷാക്രമീകരണവും പാലിക്കാൻ പ്രത്യേകം ഇടപെടണം. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ പാടില്ല.

മാലിന്യസംസ്കരണത്തിന്‌ തദ്ദേശ സ്ഥാപനങ്ങൾ ശക്തമായി ഇടപെടണം. കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നിർമാർജനം ചെയ്യണം. ജീവനക്കാരെമാത്രം ഉപയോഗിച്ച് ഇത് നിർവഹിക്കാനായില്ലെങ്കിൽ അതിഥിത്തൊഴിലാളികളെയടക്കം ഉപയോഗിക്കാം. ഈ ഘട്ടത്തിൽ തൊഴിൽ ലഭിക്കുന്നത് അവർക്കും സഹായമാകും.

Comments are closed.