1470-490

മുഖാവരണം ജീവിത ശൈലിയാകുന്നു: കർമ്മ നിരതരായി ആരോഗ്യ പ്രവർത്തകർ

തൃശൂർ; ആരോഗ്യ പ്രവർത്തകരുടെ കർമ്മ നിരതമായ പ്രവർത്തനത്തിന്റെ ഭാഗമായി തളിക്കുളത്ത് മുഖാവരണമില്ലാതെ ആരും പുറത്തിറങ്ങില്ലെന്നായി. നിരന്തര പരിശോധനകളും ബോധവത്കരണവുമാണ് ജനങ്ങളെ കോവിഡിനെതിരെ ജാഗ്രതയുള്ളവരാക്കുന്നത്. മുഖാവരണം ജീവിത ശൈലിയുടെ ഭാഗമാക്കുകയാണ് തളിക്കുളം.
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. പി.ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം.വിദ്യാസാഗർ, കെ.എ.ജിതിൻ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടങ്ങൾ, പ്രധാന കേന്ദ്രങ്ങൾ, മരണ വീടുകൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവത്കരണവുമായി പൊള്ളുന്ന വെയിലിലും സജീവ പ്രവർത്തനത്തിലായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾ ശാരീരിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകി. ലോക്ക് ഡൗൺ ഇളവ് ലഭിച്ച ആദ്യദിനം തുറക്കാൻ പാടില്ലാത്ത സ്ഥാപനങ്ങൾ അടപ്പിക്കുകയും തുറന്നവയിൽ സാമൂഹികാകലം പാലിക്കാൻ കർശന ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മരണ വീട്ടിലെത്തി എല്ലാവരും മാസ്‌കുകൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും ചെയ്തു. ഡോ.എ.ജെ.കരുൺ, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സ്വാതി, മേറ്റ് സുഷമ, പഞ്ചായത്തംഗം ഇ.വി.കൃഷ്ണ ഘോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Comments are closed.