1470-490

ലോക്ഡൗണിൽ വീടുകളിൽ തരംഗമായി യൂട്യൂബ് കുക്കിംങ്

വീട്ടിലിരുന്ന് യൂട്യൂബിൽ നോക്കി പൈനാപ്പിൽ കേക്ക് ഉണ്ടാക്കുന്ന കോളേജ് വിദ്യാർത്ഥിനി അർച്ചന.


ബാലുശ്ശേരി: മലയാളികൾ ലോക് ഡൗണിൽ വീടുകളിൽ ലോക്കായി കിടക്കുകയാണെങ്കിലും അടുക്കളകളിൽ നടക്കുന്നത് തകർപ്പൻ പാചക പരീക്ഷണങ്ങൾ. ഉള്ള വിഭവങ്ങൾ കൊണ്ട് വ്യത്യസ്തമായ ഭക്ഷണങ്ങൾ ഒരുക്കി കുടുംബാംഗങ്ങൾക്കൊപ്പം കഴിച്ചും ചിത്രങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പങ്ക് വെച്ചും വ്യത്യസ്തമായ രീതിയിലാണ്
ഓരോ ലോക്ഡൗൺ ദിനവും കടന്നു പോവുന്നത്. ചക്കക്കുരു ഷേയ്ക്കും ചെമ്പരത്തി സ്ക്വാഷും ബക്കറ്റ് ചിക്കറ്റും പിറന്നാൾ കേക്കും തുടങ്ങി
ലോക്ഡൗൺ ദിനങ്ങളിൽ വീടുകളിൽ പരീക്ഷിക്കപ്പെട്ട വിഭവങ്ങൾ ഏറെയാണ്.
യൂട്യൂബ് കുക്കിംങ് എന്നാണ് പൊതുവെ ഈ പാചക പരീക്ഷണത്തെ വിളിക്കുന്നതെങ്കിലും
ഫേസ്ബുക്കും വാട്സ്ആപ്പും തുടങ്ങി പാചകപുസ്തകങ്ങൾ വരെ നോക്കി വിഭവങ്ങൾ ഒരുക്കുന്നവരുണ്ട്.
ലോക്ഡൗൺ തുടങ്ങിയ ശേഷം മിക്ക ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകളിലെയും പ്രധാന പരിപാടി ഇത്തരം പാചക പരീക്ഷണങ്ങൾ പങ്കുവെക്കുക എന്നതാണിപ്പോൾ. കോളേജ് വിദ്യാർത്ഥിനിയായ അർച്ചന യൂടൂബിൽ നോക്കി പൈനാപ്പിൾ കേക്ക് ഒരുക്കുകയാണ്. പൈനാപ്പിൾ സുലഭമായി കിട്ടിയതോടെ മനസ്സിൽ തോന്നിയ ഒരു കൗതുകം; കൂടാതെ സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കും വാങ്ങിക്കൂട്ടാം.
കൊറോണ ആശങ്കയിൽ ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലെങ്കിലും പിന്നീട് ഏറ്റവും പരീക്ഷണം നടന്നത് ചക്കയിൽ തന്നെയാണ്. ചക്കക്കുരു ഷേക്കും ചക്ക
കട്ലറ്റും ചക്ക മസാലയിട്ട് പൊരിച്ചതും ചക്ക പായസവും തുടങ്ങി ചക്കയിൽ നടക്കാത്ത പാചക കസർത്തുകളില്ല. ലോക്ഡൗണിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോൾ
ബേക്കറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന വിഭവങ്ങളാണ് വീടുകളിൽ കൂടുതൽ പരീക്ഷിക്കപ്പെടുന്നത്. പൊറോട്ട, പപ്സ്, വിവിധ തരം കേക്കുകൾ, എന്നിവയാണ് ഇപ്പോഴത്തെ താരങ്ങൾ. മലയാളികൾ കൂടുതൽ കഴിക്കുന്ന പൊറോട്ടയും പപ്സും വീട്ടിൽ പരീക്ഷിച്ച് വിജയിപ്പാക്കാനുള്ള ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിലും കൂടുതൽ പങ്കു വെക്കപ്പെടുന്നത്.
കേക്ക് ഇല്ലാതെ എന്ത് പിറന്നാൾ എന്ന് ചോദ്യമാണ് വീടുകളിൽ കേക്ക് ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായത്. യൂട്യൂബ് വീഡിയോകളാണ് ഇവിടെ സഹായത്തിനെത്തുന്നത്. രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ട വീട്ടിൽ കേക്ക് ഉണ്ടാക്കുന്ന വീഡിയോകൾ യൂട്യൂബിലെയും താരമാണിപ്പോൾ. ചിക്കനിൽ കൂടുതൽ നടന്ന പുതിയ പാചക പരീക്ഷണം ബക്കറ്റ് ചിക്കനാണ്. ബക്കറ്റ് ചിക്കൻ പരീക്ഷണം വിജയിപ്പിച്ചവരും കരിഞ്ഞ ചിക്കൻ നോക്കി നെടുവീർപ്പിടേണ്ടി വന്നവരും ഉണ്ട്. നിലത്ത് വാഴയില വിരിച്ച് ചിക്കൻ അതിന്റെ മുകളിൽ കമ്പിൽ കുത്തി നിർത്തിയ ശേഷം അലൂമിനിയം ബക്കറ്റ് കൊണ്ട് മൂടി ചുറ്റിലും തീ ഇട്ട് വേവിച്ചെടുക്കുന്ന രീതിയാണ് ബക്കറ്റ് ചിക്കൻ പാചകം.
ചെമ്പരത്തി ഇതളുകൾ ചേർത്ത് സ്ക്വാഷ് ഉണ്ടാക്കി ചൂടിൽ നിന്ന് രക്ഷനേടാൻ പുതിയ പാനീയം പരീക്ഷിച്ചവരും ഏറെയാണ്.
കടല മാവിന് പകരം പുഴുണ്ടായ ചക്കക്കുരു പേസ്റ്റ് പല തരം എണ്ണക്കടികളിൽ പരീക്ഷിക്കപ്പെട്ടു. റേഷനറി കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ താരമായ വരും ഉണ്ട്. ഭാവിയിൽ ലോകം കൊറോണയ്ക്ക് മുമ്പും ശേഷവും എന്ന രീതിയിൽ വിലയിരുത്തപ്പെടുമെന്നാണ് വിദഗ്ദാദിപ്രായം.
പാചക കലയിൽ അത് ഏത് രീതിയിലാവും പ്രതിഫലിക്കുമെന്നതിന്റെ സൂചനയാവുകയാണ് ഈ ലോക്ഡൗൺ കാലത്തെ യൂട്യൂബ് പാചക പരീക്ഷണങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651