പ്രവാസികളെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളം സജ്ജം

കൊണ്ടോട്ടി: ലോക് ഡൗൺ തീരുന്നതോടെ പ്രവാസികളെ തിരിച്ചെത്തിക്കുക്കുന്നതിനു മുന്നോടിയായി മലപ്പുറം ജില്ലയിലെ മുന്നൊരുക്കങ്ങൾ ജില്ലാ കലക്ടർ ജാഫർ മലികിന്റെ നേതൃത്വത്തിൽ വിലയിരുത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചേർന്ന പ്രത്യേക യോഗം, തിരിച്ചെത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലുണ്ടാവുക. പ്രത്യേക വിമാനങ്ങളിൽ എത്തുന്നവരെ പുറത്തിറങ്ങുന്നതോടെ കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലേയ്ക്ക് മാറ്റും. മറ്റുള്ളവരെ പ്രത്യേക നിർദേശങ്ങൾ നൽകി സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കും. ഇവരുമായി നിരന്തരം ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കും. യാതൊരു കാരണവശാലും ഇവരെ വീട്ടിൽ നിന്ന് 28 ദിവസത്തേയ്ക്ക് പുറത്തു പോകാൻ അനുവദിക്കില്ല. ഇത് ദ്രുത കർമ്മ സംഘങ്ങൾ നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തും.
തിരിച്ചെത്തുന്നവർക്കെല്ലാം 28 ദിവസത്തെ പ്രത്യേക നിരീക്ഷണം നിർബന്ധമാണെന്ന്് ജില്ലാ കലക്ടർ അറിയിച്ചു. പ്രവാസികളെ ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, വീടുകൾ എന്നിവിടങ്ങളിലേയ്ക്കു മാറ്റാൻ ആവശ്യമായ ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ തന്നെ ഒരുക്കും. ഇതിന് ആരോഗ്യം, പൊലീസ്, മോട്ടോർ വാഹനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ സേവനമുണ്ടാവും. ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്കും ഇതര ജില്ലകളിലേയ്ക്കും യാത്രക്കാരെ എത്തിക്കാൻ വാഹന സൗകര്യങ്ങൾ ഒരുക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ ലഗേജുകൾ പരമാവധി കുറയ്ക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.
തിരിച്ചെത്താൻ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ വിവരങ്ങൾ മുൻകൂട്ടി ജില്ലാ ഭരണകൂടത്തിന് ലഭ്യമാവും. ഇതനുസരിച്ച് തിരിച്ചെത്തുന്നവരുടെ വീടുകളിൽ കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ളവരുമായി സമ്പർക്കമില്ലാതെ സ്വയം നിരീക്ഷണത്തിന് സൗകര്യങ്ങളുണ്ടോയെന്ന് നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തും. ഇതിന് സൗകര്യങ്ങളില്ലാത്തവരെ കോവിഡ് കെയർ സെന്ററുകളിലാണ് താമസിപ്പിക്കുക. ലോക് ഡൗൺ തീരുന്നതോടെ മലപ്പുറം ജില്ലയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയർ സെന്ററുകളാണ് നിലവിൽ ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിമാനത്താവള അതോറിട്ടി, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ, കസ്റ്റംസ്, മറ്റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Comments are closed.