1470-490

ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ പ്രവർത്തകർ

കാസർ​ഗോഡ് ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉറവിടം കണ്ടെത്താനായില്ല. ഇയാൾക്ക് വിദേശ,സമ്പർക്ക ബന്ധങ്ങളില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. യുവാവിന്റെ സമ്പർക്ക പട്ടികയിലെ വീട്ടുകാർ ഉൾപ്പെടെയുള്ള അമ്പതിലേറെ പേരെ നിരീക്ഷണത്തിലാക്കി.

കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ സ്വദേശിയായ 24 കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളിൽ എങ്ങനെ വൈറസ് ബാധയുണ്ടായി എന്നത് ഇനിയും വ്യക്തമല്ല.വിദേശ ബന്ധമോ, സമ്പർക്ക പട്ടികയിലോ ഉള്ളയാളല്ലെങ്കിലും ഇടയ്ക്കിടെ കർണാടകയിലെ മടിക്കേരിയിലും കുടകിലും യാത്ര ചെയ്യാറുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പും പൊലീസും ശ്രമം ആരംഭിച്ചു കഴിഞ്ഞു.

കടുത്ത തൊണ്ടവേദനയും പനിയും തുടർന്നതോടെ നാലു ദിവസം മുൻപ് ഇയാളെ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ബന്ധുക്കളെയും, അടുത്ത സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. വീട് ഉൾപ്പെടുന്ന പ്രദേശത്ത് സമൂഹ സാമ്പിളെടുക്കാനും ആലോചനയുണ്ട്. കഴിഞ്ഞ മാസം ആറിന് കുടകിൽ പോയിരുന്നതായാണ് രോഗി നൽകുന്ന വിവരം. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 16-ന് ജില്ലാശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ മറ്റു സാധ്യതകൾ ഇല്ലാത്തതിനാൽ മരുന്ന് നൽകി തിരിച്ചു വിട്ടു. പിന്നീട് നാലു ദിവസം മുൻപാണ് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

Comments are closed.