1470-490

കൊറോണാക്കാലത്ത്, വീട്ടു കവാടം നാട്ടുകാർക്കായി….

അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന കൊറോണാക്കാലത്ത്, വീട്ടു കവാടം നാട്ടുകാർക്കായി തുറന്നിട്ടിരിക്കുകയാണ് ഒരു മനുഷ്യ സ്നേഹി. പുതുക്കാട് തെക്കേത്തൊറവ് പുളിയ്ക്കൽ പ്രകാശ് ആണ് സമാനതകളില്ലാത്ത സഹജീവി സ്നേഹം കൊണ്ട് മാതൃകയാവുന്നത്. സതേൺ റയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ലോക്കോ പൈലറ്റായ പ്രകാശിന്റെ വീട്ടിൽ രണ്ടു പ്ലാവുകളുണ്ട്, ഒരു തേൻവരിക്കയും ഒരു താമരച്ചക്കയും. മുൻ വർഷങ്ങളിലൊന്നും കാര്യമായി ഫലം തരാതിരുന്ന പ്ലാവുകൾ, പക്ഷേ, ഇത്തവണ നിറയെ കായ്ഫലം തന്നു. രുചികരമായ ചക്കകൾ സുഹൃത്തിന്റെ സഹായത്തോടെ പറിച്ചെടുത്ത പ്രകാശ്, വീടിനു മുന്നിൽ ഈ ചക്കകൾ കൂട്ടിയിട്ടു. ആവശ്യക്കാർക്ക് അനുവാദം ചോദിക്കാതെ ചക്ക കൊണ്ടുപോകാമെന്നൊരു ബോർഡും ഗേറ്റിൽ സ്ഥാപിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ചക്ക മുഴുവൻ പലരായി കൊണ്ടുപോയി. പലർക്കും ചക്ക ചോദിക്കാൻ നാണക്കേട് തോന്നാമെന്നത് കൊണ്ടാണ് വീടിന് മുൻപിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്ന് പ്രകാശ് പറയുന്നു. നമ്മുടെ മുൻ തലമുറകൾക്ക് വറുതികാലത്ത് പട്ടിണിയകറ്റിയിരുന്ന അദ്ഭുത ഫലമായിരുന്നു ചക്ക. പ്ലാവുകളുള്ള വീടുകളിൽ നിന്ന് അയൽ വീടുകളിലേക്ക് അക്കാലത്ത് ചക്കകൾ സ്നേഹ സന്ദേശവുമായി കടന്നു പോയിട്ടുണ്ട്. നാട്ടിൻ പുറത്തു നിന്ന് പട്ടിണിയൊക്കെ ഏതാണ്ട് അപ്രത്യക്ഷമായതോടെ ചക്കയ്ക്കും ആവശ്യക്കാരില്ലാതായി. നാട്ടിൻ പുറങ്ങളിൽ നിന്നു പോലും ചക്കകൾ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കപ്പെടുകയാണ്. പക്ഷേ, കൊറോണയുടെ ലോക് ഡൗൺ ഒട്ടൊക്കെ മലയാളിയെ പഴയ ഭക്ഷണ ശീലങ്ങളിലേക്ക് തിരിച്ചു കൊണ്ടുവന്നതോടെ ചക്കയ്ക്കും പഴയ ഡിമാൻറ് തിരിച്ചുകിട്ടിയിട്ടുണ്ട്. അക്കാലത്താണ് സഹജീവികളോടുള്ള കരുതലുമായി പ്രകാശ് എന്ന നല്ല മനുഷ്യൻ, പൊയ്പ്പോയ കാലത്തിന്റെ നന്മകളുമുയർത്തിപ്പിടിച്ച് വീടിന്റെ ഗേറ്റ് തുറന്നിട്ടുന്നത്.

Comments are closed.