1470-490

കൊറോണക്കാലത്തെ നാടൻ രുചി ഭേദങ്ങൾ; പാചക മത്സരം അവസാനിച്ചു

കൊറോണക്കാലത്തെ നാടൻ രുചി ഭേദങ്ങൾ;
പാചക മത്സരം അവസാനിച്ചു
ലോക് ഡൌൺ കാലത്ത് കുടുംബശ്രീ സംരംഭകർക്കും അയൽക്കൂട്ട അംഗങ്ങൾക്കുമായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ ഒരുക്കിയ കൊറോണ കാലത്തെ നാടൻ രുചിഭേദങ്ങൾ പാചകമത്സരം അഞ്ച് ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു. മറന്നുപോയ പല രുചികളും നമ്മുടെ വീട്ടു മുറ്റത്തു നിന്നും പറമ്പിൽ നിന്നും കിട്ടുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങളൊരുക്കി ഓരോ മത്സരാർത്ഥികളും കാഴ്ചവെച്ചു. ഒരു മത്സരം എന്നതിലുപരി കുടുംബാംഗങ്ങളോടൊപ്പം ഒത്തൊരുമിച്ച് പാചകം ചെയ്ത് മക്കൾക്കും കുടുംബത്തിലെ ഓരോരുത്തർക്കും സ്നേഹത്തോടൊപ്പം നൽകുവാൻ സാധിച്ചതിന്റെ സന്തോഷവും ചാരിതാർഥ്യവും ഓരോ അംഗങ്ങളും പ്രകടമാക്കി.
ആദ്യഘട്ടമായ നാലുമണി പലഹാരത്തിൽ നിന്ന് തുടങ്ങി ജ്യൂസ്, ഷെയ്ക്, കറികൾ, മെഴുക്കുപുരട്ടി, ചമ്മന്തി, ചമ്മന്തി പൊടി എന്നിങ്ങനെ അവസാനഘട്ടം പായസത്തിലാണ് പാചക മത്സരം അവസാനിച്ചത്.
അഞ്ചാം ഘട്ടത്തിൽ കൊതിയൂറുന്ന പായസ കൂട്ടുകളാണ് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ചത്. കൈതച്ചക്ക പ്രഥമൻ, കൂർക്ക പായസം തുടങ്ങി മിക്സഡ് ഫ്രൂട്ട് പായസം വരെ നിരവധി രുചി വൈവിധ്യങ്ങൾ തീർത്ത് അയൽക്കൂട്ട അംഗങ്ങൾ ശ്രദ്ധേയരായി.
ഈ രുചി പൂരത്തിൽ ഒട്ടനവധി കൊതിയൂറും വ്യത്യസ്ത വിഭവങ്ങൾ സമ്മാനിച്ച് അതിലുപരി അവ എങ്ങനെയെല്ലാം അലങ്കരിക്കാം എന്നുവരെ ഓരോരുത്തരും കാണിച്ചു.
അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പാചക മത്സരത്തിൽ ഇരുനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ലോക് ഡൗണിന് ശേഷം പാചക മത്സരത്തിന്റെ അടുത്തപടിയായി അഞ്ചു ഘട്ടങ്ങളിലായി ലഭിച്ച ഏറ്റവും മികച്ച വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള റെസിപി ബുക് പ്രസിദ്ധീകരിക്കും. കൂടാതെ പങ്കെടുത്ത എല്ലാവർക്കും ജില്ലാ മിഷനിൽ നിന്നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മികച്ച പാചക വീഡിയോകൾ യുട്യൂബ് വഴിയും കുടുംബശ്രീ ജില്ലാ മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അപ്ലോഡ് ചെയ്യും. ലോക് ഡൌൺ കാലത്തെ ഈ പാചകമത്സരം എല്ലാവരും ഒരു പോലെ ആസ്വദിച്ചു. പഴമയിലേക്കുള്ള ഒരു എത്തിനോട്ടതിനും പാചകമത്സരം വഴിയൊരുക്കിയെന്ന് മത്സരാർത്ഥികൾ സാക്ഷ്യപ്പെടുത്തി.

Comments are closed.