1470-490

വിയ്യൂർ സബ് ജയിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കി

തിരിച്ചെത്തുന്നവർക്കായി വിയ്യൂർ സബ് ജയിൽ
ക്വാറന്റൈൻ സൗകര്യം ഒരുക്കി
ഇടക്കാല ജാമ്യവും പരോളും കഴിഞ്ഞെത്തുന്ന തടവുകാരെ പാർപ്പിക്കാൻ വിയ്യൂർ സബ് ജയിലിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നു. ലോക് ഡൗൺ കാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കാനാണ് ഈ സംവിധാനം ഒരുക്കുന്നത്. സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ ജയിലുകളിൽ ഈ സംവിധാനം ഒരുക്കുന്നത്.
ഓറഞ്ച് സോണിൽ നിന്നും വരുന്നവർക്ക് 14 ദിവസവും റെഡ് സോണിൽ നിന്നും വരുന്നവർക്ക് 28 ദിവസവുമാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് പ്രകാരം തന്നെ അവർ തിരിച്ചെത്തുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തും. ഇപ്പോഴത്തെ കണക്കനുസരിച്ച് മെയ് ഒന്നിന് 12 പേരാണ് തിരിച്ചെത്തുക. 13 മുതൽ 16 വരെ 24 പേരോളം തിരികെയെത്തും. മെയ് 25 മുതൽ 30 വരെ 80 ആളുകളും പരോൾ കഴിഞ്ഞ് തിരിച്ചെത്തും.
വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും അതീവ സുരക്ഷ, വനിത ജയിലുകളിൽ നിന്നും പരോളിൽ പോയി തിരിച്ചെത്തുന്നവരെ അതത് ജയിലുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും. ജില്ലയിലെ മറ്റു ജയിലുകളായ ജില്ല, സബ് ജയിലുകൾ, ചാവക്കാട്, ഇരിഞ്ഞാലക്കുട ജയിലുകൾ എന്നിവിടങ്ങളിൽനിന്നും ഇടക്കാല ജാമ്യത്തിലും പരോളിലും പോയി തിരിച്ചെത്തുമ്പോൾ ഇവരെ വിയ്യൂർ സബ് ജയിലിൽ തന്നെ ക്വാറന്റൈനിൽ നിരീക്ഷിക്കും. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കുള്ള ചികിത്സയും ഉറപ്പുവരുത്തും.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ പോയിട്ടുള്ളവർ മടങ്ങിയെത്തിയാൽ ബി ബ്ലോക്കിലെ 42 സെല്ലുകൾ ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കി കഴിഞ്ഞു. അതീവ സുരക്ഷാ ജയിലിൽ 550 പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും 116 പേരാണ് പരോളിൽ പോയിട്ടുള്ളത്.

Comments are closed.