1470-490

സഞ്ചരിക്കുന്ന ആശുപത്രിയുമായി മാള ഗ്രാമ പഞ്ചായത്ത്

മാള ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന ആശുപത്രി


ലോക്ക് ഡൌൺ കാലത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്താൻ കഴിയാത്തവർക്ക് ആശ്വാസവുമായി മാള ഗ്രാമ പഞ്ചായത്ത്. ജില്ലയിൽ ആദ്യമായി ‘സഞ്ചരിക്കുന്ന ആശുപത്രി’ എന്ന സൗകര്യവുമായിട്ടാണ് പഞ്ചായത്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഹോളി ഗ്രേസ് അക്കാദമിയുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ജീവിതശൈലി രോഗങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ അടുത്തേക്ക് ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരടങ്ങിയ സംഘം എത്തുന്നു. ആശുപത്രിയിലേക്ക് എത്താൻ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവരെ പരിശോധിച്ച് വേണ്ട മരുന്ന് നൽകും. പത്തു ദിവസത്തേക്കാണ് മരുന്ന് നൽകുക. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നാണ് മരുന്നിനാവശ്യമായ തുക വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും ചികിത്സ ആവശ്യമായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു ദിവസം നാല് വാർഡുകളിലായി ചികിത്സാ വണ്ടിയെത്തും. പഞ്ചായത്തിലെ 20 വാർഡുകളിലും ആവശ്യമായവർക്ക് വേണ്ട ചികിത്സ ഉറപ്പാക്കും. സഞ്ചരിക്കുന്ന ആശുപത്രിയുടെ ഫ്‌ലാഗ് ഓഫ് അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ഉറുമീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധ ഭാസ്‌കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651