ലോക്ക് ഡൗൺ ലംഘനം: സാമൂഹ്യ പ്രവർത്തക അറസ്റ്റിൽ.

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവർത്തക അറസ്റ്റിൽ. പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ (42) യാണ് കുന്നംകുളം എ.സി.പി.ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിൽ കടത്തുന്നതിന് ഏജന്റായി പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഓൺലൈൻ ന്യൂസ് ചാനലാണ് അതിർത്തി വഴി ചരക്കുവാഹനങ്ങളിൽ വൻതുക കൈപ്പറ്റി ആളുകളെ അതിർത്തി കടത്തുന്ന വാർത്ത പുറത്ത് കൊണ്ടു വന്നത്. വാർത്ത റിപ്പോർട്ട് ചെയ്തയാൾ സിന്ധുവുമായി നടത്തിയ ടെലഫോൺ സംഭാഷണവും ഓൺലൈൻ ചാനൽ പുറത്ത് വിട്ടിരുന്നു. തമിഴ് നാട്ടിലുള്ള ബാബു എന്ന ഏജന്റിന്റെ കൈവശം പണം നൽകിയാൽ പച്ചക്കറി വാഹനങ്ങളിൽ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയിരുന്നത് സിന്ധുവായിരുന്നുവെന്നും ഓൺലൈൻ ചാനലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനം നടത്തിയതിന് ഇവരെ അറസ്റ്റ് ചെയ്തത്. വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡണ്ട് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിയിരുന്നത്. സാമൂഹ്യ സേവനത്തിന്റെ മറവിൽ ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ മുൻപും, പ്രതിയുടെ നേതൃത്വത്തിൽ ആളുകളെ അതിർത്തി കടത്തിയിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. എസ്.ഐ.മാരായ ഇ. ബാബു, വി.എസ്.സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനൽ കൃഷ്ണകുമാർ, വീരജ, ഷിബിൻ എന്നിവരുംപ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Comments are closed.